29 October, 2022 02:33:52 PM
അഭിഭാഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി എഫ്ഐആര്‍: പ്രതിഷേധം വ്യാപകമാകുന്നു
ഏറ്റുമാനൂർ: ക്രിമിനൽ കേസിൽ കക്ഷിക്കുവേണ്ടി വക്കാലത്തു ഫയൽ ചെയ്‍ത മൂന്നു അഭിഭാഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി എഫ്ഐആര്‍ രജിസ്റ്റർ ചെയ്‍ത വഞ്ചിയൂർ പോലീസിന്‍റെ നടപടിയിൽ സംസ്ഥാനമാകെ പ്രതിഷേധമുയരുന്നു. കോടതി ബഹിഷ്കരിച്ചും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചും അഭിഭാഷകര്‍ രംഗത്തെത്തി. ഇതിന്‍റെ ഭാഗമായി ഏറ്റുമാനൂർ ബാർ അസോസിയേഷനിലെ അഭിഭാഷകരും കോടതികൾ ബഹിഷ്‌ക്കരിച്ചു.
അഭിഭാഷകർക്കു നിയമം നൽകുന്ന പരിരക്ഷ മറികടന്നാണ് പോലീസ് നടപടി എടുത്തിട്ടുള്ളതെന്ന് അഭിഭാഷകര്‍ ചൂണ്ടികാട്ടി. ബഹിഷ്കരണത്തിന് ശേഷം പ്രതിഷേധപ്രകടനവും യോഗവും നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അഡ്വ.ടി. എസ്.സതീജകുമാരി അധ്യക്ഷയായി. സെക്രട്ടറി അഡ്വ. ജെയ്സൺ ജോസഫ്, അക്കാദമിക് കൗൺസിൽ ചെയർമാൻ അഡ്വ. പി. രാജീവ് ചിറയിൽ, അഡ്വ. പി. എസ്. ജെയിംസ്, അഡ്വ. ടി. കെ. സുരേഷ്‌കുമാർ, അഡ്വ. ജെയിംസ്കുട്ടി, അഡ്വ. സി. ആർ. സിന്ധുമോൾ, അഡ്വ. കെ. ബി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.