26 October, 2022 10:21:22 AM
ശബരിമല ഇടത്താവള ഫണ്ട് അട്ടിമറിക്കാൻ ശ്രമിച്ചത് ബിജെപി കൗൺസിലർ - സ്ഥിരം സമിതി അധ്യക്ഷൻ
ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ ശബരിമല ഇടത്താവള ഫണ്ട് അട്ടിമറിക്കുവാൻ ശ്രമിച്ചത് ബി ജെ പി പ്രതിനിധിയും 34-ആം വാർഡ് കൗൺസിലരുമായ ഉഷാ സുരേഷ് ആണെന്ന വെളിപ്പെടുത്തലുമായി ഏറ്റുമാനൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി എസ് വിശ്വനാഥൻ രംഗത്ത്. ഉഷാ സുരേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നഗരസഭ കൗൺസിലിനിടെ ഉപരോധം ഏർപ്പെടുത്തിയതും തുടർന്ന് കൌൺസിൽ കൂടാനാവാതെ പിരിച്ചുവിടുകയും ചെയ്ത സംഭവത്തിൽ വിശദീകരണം നൽകവെയാണ് വിശ്വനാഥന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക് പേജിലൂടെയാണ് വിശ്വനാഥൻ വിവരങ്ങൾ വെളിപ്പെടുത്തിയത്.
35-ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര പരിസരത്തു ചെയ്യേണ്ട പ്രവർത്തികൾക്ക് പകരം 34-ആം വാർഡിൽ നീണ്ടൂർ റോഡിൽ മാതാവിന്റെ കുരിശുപള്ളിക്ക് സമീപം മിനി മാസ്റ്റ് വിളക്ക് സ്ഥാപിക്കുവാനും തന്റെ വാർഡിൽ വഴിവിളക്കുകൾ തെളിക്കാനുമുള്ള ഉഷാ സുരേഷിന്റെ ശ്രമം വിജയിച്ചില്ല. അതുകൊണ്ട് തന്നെയാണ് ക്ഷേത്രപരിസരത്ത് എവിടൊക്കെയാണ് മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിക്കേണ്ടത് എന്ന ലിസ്റ്റ് ഇവർ കൃത്യസമയത്ത് തരാതിരുന്നതെന്നും വിശ്വനാഥൻ കുറ്റപ്പെടുത്തുന്നു. ചോദ്യവുമായി ഉപദേശക സമിതി സെക്രട്ടറി കെ എൻ ശ്രീകുമാർ രംഗത്തെത്തിയതോടെ തന്റെ തെറ്റ് മറയ്ക്കുവാൻ ഇവർ മറ്റു ബിജെപി അംഗങ്ങളെ കൂടി കരുവാക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.
വിശ്വനാഥന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ.
"ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് 35 ആം വാർഡിലാണ്. ക്ഷേത്രവും ക്ഷേത്ര പരിസരവും ശുചിയാക്കുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആണ് ഗവൺമെന്റിൽ നിന്നും വർഷാവർഷം നമുക്ക് ഫണ്ട് ലഭിക്കുന്നത്. അവിടുത്തെ ശുചിത്വ മേഖല നോക്കി പരിപാലിക്കുന്നതിന് സംവിധാനം ഉണ്ട്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് അനുവദിച്ച് കിട്ടിയ തുക ശുചിത്വ മേഖലയിൽ ചെലവഴിച്ച ശേഷം ബാക്കി വന്ന തുകയാണ് അവർ മിനി മാസ്റ് ലൈറ്റുകൾ പല ഭാഗത്തും സ്ഥാപിക്കാൻ തീരുമാനമെടുത്തത്. സ്ഥലം ലൊക്കേറ്റ് ചെയ്തപ്പോൾ അത് നീണ്ടൂർ റോഡിൽ മാതാവിന്റെ കുരിശുപള്ളിക്ക് സമീപം വരെ സ്ഥാപിക്കുവാനുള്ള ലിസ്റ്റ് ഉണ്ടാക്കി. ക്ഷേത്ര പരിസരത്ത് സ്ഥാപിക്കേണ്ട ലൈറ്റുകൾ 34ആം വാർഡ് കൗൺസിലർ ആണ് അവടെ സ്ഥാപിക്കാൻ നിർദ്ദേശം വച്ചത്. അതിനുമുമ്പ് തന്നെ ലൈറ്റുകൾ സ്ഥാപിക്കുകയും വേണ്ടിയുള്ള എസ്റ്റിമേറ്റുകൾ എടുത്തു കഴിഞ്ഞു. ഒരു ലക്ഷം രൂപയിൽ അധികമായപ്പോൾ ബാക്കി വരുന്ന തുക മുൻസിപ്പൽ ഫണ്ടിൽ നിന്ന് ചെലവഴിക്കാമോ എന്ന് കൗൺസിൽ ചർച്ച വരികയും ബാക്കിയുള്ള തൂകയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ ലൈറ്റുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു ആയതിന്റെ വെളിച്ചത്തിൽ ഒരെണ്ണം കുറയ്ക്കുവാൻ ആ വാർഡിലെ കൗൺസിലർമാരോട് ആവശ്യപ്പെട്ടു. ബിജെപി എന്ന പാർട്ടി നോക്കിയല്ല അത്തരത്തിൽ ഒരു തീരുമാനം എടുത്തത്. തന്റെ പ്രത്യേക താൽപര്യം സംരക്ഷിക്കാൻ 34 ആം വാർഡ് കൗൺസിലർ ഒത്തിരി പണിപ്പെട്ടുവെങ്കിലും സാധിച്ചില്ല. അതുകൊണ്ടുതന്നെ സ്ഥാന നിർണയം നടത്തുവാൻ കാലതാമസം വന്നു. അതിന്റെ വെളിച്ചത്തിൽ കൗൺസിൽ ഒരു മൂന്ന് അംഗ കമ്മിറ്റി സ്ഥാനനിർണയത്തിന് വേണ്ടി നിയോഗിച്ചു. അവർ നൽകിയ ലിസ്റ്റും 34 ആം വാർഡ് കൗൺസിലർ അംഗീകരിക്കാതെ വന്നു. തന്റെ ഇഷ്ടം നടക്കാതെ വന്നപ്പോൾ. ഇത് ഇട്ട് ഉരുട്ടി എന്നതാണ് സത്യം. ഇത് മറച്ചുവെക്കാൻ വേണ്ടിയും ക്ഷേത്ര ഉപദേശക സമിതി ശ്രീ ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ പോയതിനാൽ മറ്റ് ബിജെപി കൗൺസിലർമാരെ ചിലരെ കൂടെ ചേർത്തുകൊണ്ടാണ് ഈ നാടകം ഇന്നലെ അരങ്ങേറിയത്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തോടും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മുനിസിപ്പൽ കൗൺസിലർമാർ ആരും എതിരല്ല എന്ന് മറ്റു കൗൺസിലർമാർ ഇന്നലെ ഉറക്കെ തന്നെ വിളിച്ചു പറഞ്ഞത് കൗൺസിൽ കേട്ട് കാണും. തന്റെ സങ്കുചിത ചിന്ത സംരക്ഷിക്കുവാനും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാനും വേണ്ടിയാണ് ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിക്കുന്നത്. ഇന്നലെ അവിടെ കണ്ട ധർണ്ണയിൽ തന്നെ എല്ലാ ബിജെപി കൗൺസിൽമാരും പങ്കെടുത്തില്ല. പങ്കെടുത്തവർ തന്നെ മനാമനസ്സോടെയാണ് പങ്കെടുത്തത് എന്ന് അവർ തന്നെ പറയുന്നു. ഒന്നുകൂടി പറയട്ടെ. ഇത്തരം പ്രവർത്തനങ്ങളിൽ അപഹാസ്യത ആകുന്നത് അവർ തന്നെയായിരിക്കും. ഏറ്റുമാനൂർ ക്ഷേത്രവും നിരവധി ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം ദേവാലയങ്ങളും ഇതര ക്ഷേത്രങ്ങളും നിലനിൽക്കുന്ന ഈ പ്രദേശം ഒരു ക്ഷേത്ര നഗരമാണ്. ഈ പ്രദേശത്ത് ഒരു ജാതി സ്പർദ്ധ ഉണർത്തിവിടുവാൻ അതും ഒരു പാർട്ടിയുടെ പേരിൽ ശ്രമിക്കുന്നത് തെറ്റാണ്. ഞാനൊരു ബിജെപിക്കാരൻ അല്ലെങ്കിലും നിത്യവും ക്ഷേത്രത്തിൽ വരികയും ആരാധന നടത്തുകയും ചെയ്യുന്ന ആളാണ്. ഈ കൗൺസിൽ വരുന്ന മറ്റ് ആളുകളും അത്തരക്കാരാണെന്ന് ഞാൻ കരുതുന്നു. അല്ലാതെ ഈ മഹാക്ഷേത്രം ആരുടെയും കുത്തകയല്ല ആ പേര് പറഞ്ഞ് ഒരു സമുദായ വികാരം ഇളക്കി വിടുവാൻ ശ്രമിക്കുന്നത് ഒരു കൗൺസിലർക്ക് യോജിച്ചതല്ല. തെറ്റുകൾ തിരുത്തി ഒരുമിച്ച് മുന്നോട്ടു പോകുവാൻ ശ്രമിക്കണം."