25 October, 2022 10:35:00 PM
ഇടത്താവളഫണ്ട് വിനിയോഗം: ബിജെപി അംഗങ്ങളെ പഴിചാരി നഗരസഭാ ചെയര്‍പേഴ്സണ്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശബരിമല ഇടത്താവളഫണ്ട് വിനിയോഗത്തെകുറിച്ച് എങ്ങുംതൊടാതെയുള്ള വിശദീകരണവുമായി നഗരസഭ. തന്‍റെ പേരോ ഒപ്പോ ഒന്നുമില്ലാതെ ചെയര്‍പേഴ്‌സണ്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പില്‍ നഗരസഭയിലെ ബിജെപി അംഗങ്ങളെ ശരിക്കും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. വിശദീകരണക്കുറിപ്പില്‍ പറയുന്നതിങ്ങനെ.
2020-21ല്‍ ശബരിമല ഇടത്താവളഫണ്ടായി 10 ലക്ഷം രൂപ നഗരസഭയ്ക്കു നല്‍കിയെങ്കിലും കോവിഡ് മഹാമാരിമൂലം തീര്‍ത്ഥാടകര്‍ ഇല്ലാതിരുന്നതിനാല്‍ 76,700 രൂപയേ ചെലവഴിച്ചുള്ളു. ബാക്കി തുകയായ 9,23,300 രൂപ ക്ഷേത്രപരിസരത്ത് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ 2021 ഫെബ്രുവരി 6ന് നടന്ന കമ്മറ്റി തീരുമാനിച്ചിരുന്നു. മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍കാണിച്ചുതരുവാന്‍ ബന്ധപ്പെട്ട കൗണ്‍സിലര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനുള്ള എസ്റ്റിമേറ്റ് പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം തയ്യാറാക്കിയത് 2021 നവംബര്‍ 12ന് നഗരസഭയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. പക്ഷെ വിളക്കുവകള്‍ എവിടൊക്കെ സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടിയില്ല. ഒരാഴ്ച മുമ്പാണ് ഇതു സംബന്ധിച്ച കത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടുനല്‍കിയത്. 2022 ഒക്ടോബര്‍ 14 തീയതിയിലെ കത്തില്‍ യഥാക്രമം 33, 34, 35 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം, ഉഷാ സുരേഷ്, സുരേഷ് ആര്‍ നായര്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ പേരില്‍ നല്‍കിയ കത്തില്‍ ഏറ്റുമാനൂരപ്പന്‍ ബസ്‌ബേ, വൈക്കം റോഡ് ബസ് സ്‌റ്റോപ്പ്, കിഴക്കേനട ഗോപുരത്തിന് സമീപം, ദേവസ്വം കംഫര്‍ട്ട് സ്റ്റേഷന് സമീപം, അന്തിമഹാകാളന്‍ കാവിന് സമീപം, തെക്കേനട ഗോപുരത്തിന് സമീപം എന്നിവിടങ്ങളിലാണ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ന് കൗണ്‍സില്‍ അലസിപിരിഞ്ഞിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനായില്ല. എന്നാല്‍ അടുത്ത മണ്ഡലകാലത്തിനു മുമ്പുതന്നെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് കുറിപ്പിലൂടെ അറിയിച്ചു.
ഇടത്താവളത്തിന് അനുവദിച്ച ഫണ്ട് നാമമാത്രമായി ചിലവഴിക്കുകയും ബാക്കി തുക വക മാറ്റി ചെലവഴിക്കാനും തീരുമാനിച്ചത് ചോദ്യം ചെയ്ത് ക്ഷേത്രോപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി എല്ലാ വര്‍ഷവും അനുവദിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തത് ഉള്‍പ്പെടെ നഗരസഭയുടെ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതോടെ ക്ഷേത്രം ഉപദേശകസമിതി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെയാണ് പ്രശ്നം കൂടുതല്‍ വിവാദമായത്.
ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഹിതം വന്ന പത്രവാര്‍ത്തകള്‍ സഹിതം ക്ഷേത്രപരിസരത്തെ കൌണ്‍സിലര്‍മാരെ കുറ്റപ്പെടുത്തി ശ്രീകുമാര്‍ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് എഴുതിയതാണ് ഇത്രയും നാള്‍ മൌനം പാലിച്ചിരുന്ന ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചു. ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മുറുപടിയായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി എന്നു മാത്രമല്ല, ഇന്ന് നടന്ന കൌണ്‍സിലില്‍ ബഹളം കൂട്ടി യോഗം തടസപ്പെടുത്തുകയും ചെയ്തു. മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ന് നടക്കാനിരുന്ന ചര്‍ച്ചയും ഇതുകൊണ്ട് പാളിപ്പോയി എന്ന് ഒരു കൌണ്‍സിലര്‍ പറഞ്ഞു.