25 October, 2022 04:37:13 PM
ശബരിമല ഇടത്താവളഫണ്ട്: നഗരസഭ കൗൺസിൽ യോഗം ബഹളത്തെതുടർന്നു പിരിച്ചുവിട്ടു
ഏറ്റുമാനൂർ: സംഘര്‍ഷഭരിതമായ അന്തരീക്ഷത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സില്‍ യോഗം ചേരാനാവാതെ പിരിഞ്ഞു. ശബരിമല ഇടത്താവളഫണ്ട് വിനിയോഗത്തെ സംബന്ധിച്ചും ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് സംബന്ധിച്ചും ഉണ്ടായ ബഹളത്തെതുടർന്നാണ് കൗൺസിൽ യോഗം തുടക്കത്തിൽ തന്നെ ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ് പിരിച്ചുവിട്ടത്.
കൌണ്‍സില്‍ യോഗം ആരംഭിച്ച് അജണ്ട പ്രകാരമുള്ള നടപടികളിലേക്ക് കടക്കുംമുമ്പ് തന്നെ ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും 2018-19 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് കൌണ്‍സിലര്‍മാര്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സിപിഎം അംഗം പി.എസ്.വിനോദ് എഴുന്നേറ്റു. പിന്നാലെ ബിജെപി അംഗങ്ങള്‍ പ്ലാക്കാര്‍ഡുകളുമായി ചെയര്‍ പേഴ്സന്‍റെ മുന്നിലേക്ക് ഇരച്ചെത്തി.
ശബരിമല ഇടത്താവളഫണ്ട് വിനിയോഗിച്ചതില്‍ നഗരസഭ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പൊതുജനങ്ങളെ ധരിപ്പിക്കണമെന്നും ക്ഷേത്രത്തിനുചുറ്റുമുള്ള വാര്‍ഡുകളിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ക്കുണ്ടായ പേരുദോഷം ഇല്ലാതാക്കാന്‍ ചെയര്‍പേഴ്സണ്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി കൌണ്‍സിലര്‍മാര്‍ ബഹളം വെച്ചത്. ഇതിനൊരു തീരുമാനമുണ്ടാകാതെ കൌണ്‍സില്‍ കൂടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ചെയര്‍പേഴ്സണും പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനും രാജിവെക്കുക, ഇടത്താവളഫണ്ട് സംബന്ധിച്ച വരവുചെലവുകണക്കുകള്‍ പുറത്തുവിടുക, ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഭക്തരോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച പ്ലക്കാര്‍ഡുകളുമേന്തിയാണ് ബിജെപി അംഗങ്ങള്‍ ബഹളം കൂട്ടിയത്. ബഹളം നിയന്ത്രണവിധേയമാകാതെ വന്നതോടെ ചെയര്‍പേഴ്സണ്‍ കൌണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
നഗരസഭയുടെ മുന്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി എല്ലാ വര്‍ഷവും അനുവദിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തത് സംബന്ധിച്ചായിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതോടെ ക്ഷേത്രം ഉപദേശകസമിതി അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് പ്രശ്നം കൂടുതല്‍ വിവാദമായത്.
ഇടത്താവളത്തിന് അനുവദിച്ച ഫണ്ട് നാമമാത്രമായി ചിലവഴിക്കുകയും ബാക്കി തുക ആഴ് വാര്‍ഡുകളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ചെലവഴിക്കാനും രണ്ട് വര്‍ഷം മുന്നേ തീരുമാനിച്ചിരുന്നു. പക്ഷെ ഹൈമാസ്റ്റ് ലൈറ്റ് ഇപ്പോഴും ചുവപ്പുനാടയില്‍ കുരുങ്ങിതന്നെ കിടക്കുന്നു. തീര്‍ത്ഥാടകര്‍ക്കായി ഓരോ വര്‍ഷവും അനുവദിച്ച തുക ഇങ്ങനെ വക മാറ്റി ചെലവഴിച്ചതിനെതിരെയാണ് ഉപദേശകസമിതി സെക്രട്ടറി ശ്രീകുമാര്‍ രംഗത്തെത്തിയത്.
ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഹിതം വന്ന പത്രവാര്‍ത്തകള്‍സഹിതം ശ്രീകുമാര്‍ ഫേസ്ബുക്ക് പേജില്‍ കുറിപ്പ് എഴുതിയതാണ് ഇത്രയും നാള്‍ മൌനം പാലിച്ചിരുന്ന ബിജെപി അംഗങ്ങളെ സമരമുഖത്തേക്ക് നയിച്ചത്. ഇടത്താവളഫണ്ട് 90 ശതമാനവും വിനിയോഗിച്ചു എന്ന വാദത്തോടെയാണ് ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മുറുപടിയായി ബിജെപി അംഗങ്ങള്‍ ഒരു പ്രാദേശികചാനലിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല തുക മുഴുവന്‍ വിനിയോഗിക്കാത്തതിനെതിരെ അവര്‍ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ തീര്‍ത്ഥാടകരുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള തുക മുഴുവനായി വിനിയോഗിക്കാത്തത് ക്ഷേത്രത്തിനുചുറ്റുമുള്ള വാര്‍ഡുകളിലെ കൌണ്‍സിലര്‍മാര്‍ എന്തുകൊണ്ട് തങ്ങളെ ജയിപ്പിച്ചുവിട്ട ജനങ്ങളെ ധരിപ്പിക്കാതിരുന്നുവെന്നും അവര്‍ ഉറങ്ങുകയായിരുന്നില്ലേ എന്നുമാണ് ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ച് ചോദിച്ചത്. മാത്രമല്ല അദ്ദേഹം മന്ത്രിമാരായ എം.ബി.രാജേഷിനും വി.എന്‍.വാസവനും പരാതി നല്‍കുകയും ചെയ്തിരുന്നു.