22 October, 2022 07:27:57 PM
പെയ്തൊഴിയാതെ വിവാദങ്ങള്‍; ഏറ്റുമാനൂര്‍ നഗരസഭയ്ക്കെതിരെ ജനരോഷം ഉയരുന്നു
ഏറ്റുമാനൂര്‍: വിവാദങ്ങള്‍ ഒന്നൊന്നായി പെരുകുന്നതിനിടെ ഏറ്റുമാനൂര്‍ നഗരസഭാ ഭരണസമിതിക്കെതിരെ സമൂഹത്തിന്‍റെ വിവിധമേഖലകളില്‍നിന്ന് പ്രതിഷേധമുയരുന്നു. ശബരിമല ഇടത്താവളത്തിന് അനുവദിച്ച ഫണ്ട് പൂര്‍ണ്ണമായി ഉപയോഗിക്കാത്തതും കൗണ്‍സില്‍ തീരുമാനം ഇല്ലാതെ ഓവര്‍സിയര്‍മാരെ നിയമിച്ചതും നികുതിപിരിവിലെ അപാകതകളും ലൈസന്‍സ് പുതുക്കി നല്‍കുന്നതിലെ പ്രശ്നങ്ങളും എല്ലാം ഭരണസമിതിയെ വീര്‍പ്പുമുട്ടിക്കുന്നതിനിടയിലാണ് ചെയര്‍പേഴ്സന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.
ഈ ആവശ്യം ഉന്നയിച്ച് ഏറ്റുമാനൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ശബരിമല ഇടത്താവളത്തിന് അനുവദിച്ച ഫണ്ട് വേണ്ടവിധം വിനിയോഗിക്കാത്തത് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്ന പിന്നാലെ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉപദേശകസമിതിയും സമീപവാര്‍ഡുകളിലെ ബിജെപി കൗണ്‍സിലര്‍മാരും തമ്മില്‍ യുദ്ധം പ്രഖ്യാപിച്ച പിന്നാലെയാണ് ഇന്ന് നഗരത്തില്‍ ബിജെപിയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇടത്താവളഫണ്ട് തൊണ്ണൂറ് ശതമാനവും വിനിയോഗിച്ചു എന്ന ബിജെപി അംഗത്തിന്‍റെ വാദത്തെ നഖശിഖാന്തം എതിര്‍ത്ത് ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല ഫണ്ട് അട്ടിമറിച്ച വിഷയത്തില്‍ നഗരസഭാ ഭരണസമിതിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ശ്രീകുമാര്‍ മന്ത്രിമാരായ എം.ബി.രാജേഷിനും വി.എന്‍.വാസവനും പരാതി നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, ഓഡിറ്റ് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമായി 90 ശതമാനം ഫണ്ട് വിനിയോഗിച്ചു എന്ന വാദത്തിലൂടെ ബിജെപിയ്ക്ക് ഭരണസമിതിയുമായുള്ള അവിശുദ്ധകൂട്ടുകെട്ട് മറനീക്കി പുറത്തുവരികയായിരുന്നുവെന്നും എന്നാല്‍ ഇവരുടെ കള്ളത്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ മുഖം രക്ഷിക്കാനാണ് പോസ്റററുകളുമായി രംഗത്തെത്തിയതെന്നും വിവിധതലങ്ങളില്‍നിന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഏറ്റുമാനൂരിലെ വ്യാപാരികളുടെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച വിഷയം നേരത്തെ തന്നെ വിവാദമായിരുന്നു. കൃത്യമായി നികുതി അടച്ചിരുന്നവര്‍ക്കുപോലും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ പേരില്‍ വന്‍തുക കുടിശിഖ രേഖപ്പെടുത്തിയതും തുക അടയ്ക്കാതെ ലൈസന്‍സ് പുതുക്കാനാവാത്ത അവസ്ഥ സംജാതമായതും വിഷയം ഹൈക്കോടതി വരെയെത്തി. ഇതിനിടെ നഗരത്തിലെ ഒരു വ്യാപാരിയോട് കുടിശിഖയിനത്തില്‍ അര ലക്ഷത്തിലധികം രൂപ വാങ്ങിയതില്‍ 40133 രൂപയും തിരികെ നല്‍കേണ്ടിയും വന്നു. ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം സംഭവിച്ച ഈ വിഷയം കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറിന്‍റെ തലയില്‍ ചാരി വ്യാപാരിക്ക് കത്തും നല്‍കി. ഹൈക്കോടതിയുടെ മുന്നിലെത്തിയ വിഷയത്തില്‍ നഗരസഭാ സെക്രട്ടറിയെ വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം ചെല്ലാതിരുന്നതും പ്രശ്നമായിരുന്നു. അവസാനം അറസ്റ്റ് ഭയന്ന് ഓടിക്കിതച്ച് എത്തിയ സെക്രട്ടറിയെ കോടതി താക്കീത് ചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് എല്‍എസ്ജിഡി വിഭാഗത്തിലെ നാല് ഓവര്‍സിയര്‍മാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റപ്പെടുന്നതും പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതും. പിന്നാലെ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തിയെങ്കിലും കൗണ്‍സില്‍ തീരുമാനമില്ലാതെ. ഓവര്‍സിയര്‍മാരെ തിരഞ്ഞെടുത്തശേഷം അത് കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി കൊണ്ടുവന്നെങ്കിലും കൗണ്‍സില്‍ തീരുമാനമില്ലാതെയുള്ള നടപടിയെന്ന പേരില്‍ സ്ഥിരം അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പക്ഷെ തങ്ങളുടെ നീക്കത്തില്‍നിന്ന് പിന്നോട്ട് പോകാന്‍ ഭരണസമിതി തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇങ്ങനെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഓവര്‍സിയര്‍ ജോലിക്ക് ഹാജരായി.
ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്നും കരാര്‍ അടിസ്ഥാനത്തില്‍ ആളെ നിയമിക്കാമെന്നിരിക്കെ രഹസ്യനീക്കത്തിലൂടെ നിയമനം നടത്തിയതിലുള്ള ദുരൂഹതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചോദ്യം ചെയ്ത സ്ഥിരം സമിതി അധ്യക്ഷയായ വനിതാ അംഗത്തിനെതിരെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പരാതിയുമായി ഉന്നതരെ സമീപിച്ചതും വിവാദമായി. തനിക്കെതിരെ വരുന്ന അമ്പിനെ പ്രതിരോധിക്കാന്‍ മുന്‍കൂട്ടി ചെയ്തതാണെങ്കിലും വനിതാ അംഗം മറിച്ചൊരു പരാതി നല്‍കിയതിനാല്‍ ഇത് കൂടുതല്‍ വിവാദങ്ങളിലേക്കായിരിക്കും ചെന്നെത്തുക. ഇതിനിടെ അനധികൃതനിയമനമെന്ന ആരോപണവുമായി ഒരു കൂട്ടര്‍ കോടതിയെ സമീപിക്കുവാനും ആലോചിക്കുന്നുണ്ട്.
ഇതിനിടെ എല്‍എസ്ജിഡി വിഭാഗത്തില്‍ ശേഷിച്ച ഓവര്‍സിയര്‍ക്ക് നടപടിദോഷങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഷനും ലഭിച്ചിരുന്നു. ഒരു അവധിദിവസം നഗരസഭയുടെ വാഹനം പേരൂരിലെ പെട്രോള്‍ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ അടിച്ചതും ആരോപണവിധേയമായിരുന്നു. പ്രവര്‍ത്തിദിവസമല്ലാതിരിക്കെ വാഹനം എന്തിന് പുറത്തുപോയി എന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ചോദിക്കുന്നത്.
അഴിമതികള്‍ ഉള്‍പ്പെടെ നഗരസഭയെ സംബന്ധിച്ച വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നു തുടങ്ങിയതോടെ മാധ്യമങ്ങള്‍ക്കെതിരെ പത്രക്കുറിപ്പുമായി നഗരസഭ രംഗത്തെത്തി. നികുതിപിരിവ് പ്രശ്നത്തില്‍ തങ്ങളുടെ തെറ്റ് പരോക്ഷമായി സമ്മതിക്കുന്ന കുറിപ്പ് അവസാനിപ്പിക്കുന്നത് പത്രധര്‍മ്മത്തിന് വിരുദ്ധമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ആയതിനാല്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്. നഗരസഭയുടെയോ ഭരണാധികാരികളുടെയോ വിവരങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്താതെ വെള്ളപേപ്പറില്‍ ടൈപ്പ് ചെയ്ത നാഥനില്ലാത്ത കുറിപ്പ് ചെയര്‍പേഴ്സണ്‍ ആണ് ചില മാധ്യങ്ങള്‍ക്ക് വാട്സ് ആപ്പില്‍ അയച്ചുകൊടുത്തത്. ഇതിനു പിന്നാലെയാണ് പ്രക്ഷോപവുമായി എത്തുന്നു എന്നറിയിച്ച് ബിജെപിയുടെ പോസ്റ്ററുകല്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത്.