21 September, 2022 12:06:18 PM
പതിനായിരത്തിലേറെ ഫയലുകള്‍ കെട്ടികിടക്കുന്നു; 'നാഥനില്ലാ കളരി'യായി ഏറ്റുമാനൂര്‍ നഗരസഭ
- സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: സംസ്ഥാനസര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍തീര്‍പ്പാക്കല്‍ പദ്ധതി അരങ്ങുവാഴുമ്പോഴും ഏറ്റുമാനൂര്‍ നഗരസഭാ എഞ്ചിനീയറിംഗ് വകുപ്പില്‍ മാത്രം കെട്ടികിടക്കുന്നത് പതിനായിരത്തിലേറെ ഫയലുകള്‍. ഇത്രയും ഫയലുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍പ്പാക്കുക എന്നത് മനുഷ്യസാധ്യമല്ല എന്ന് കാട്ടി നഗരസഭാ ചെയര്‍പേഴ്സണും മറ്റ് അധികൃതര്‍ക്കും എല്‍എസ്ജിഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നല്‍കിയ കത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.
ഏറ്റുമാനൂര്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗത്തില്‍ ഒരു അസിസ്റ്റന്‍റ് എഞ്ചിനീയറെ കൂടാതെ അഞ്ച് ഓവര്‍സിയര്‍മാരാണുള്ളത്. ഇവരില്‍ നാലു പേരെയും അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. ശേഷിക്കുന്നത് ഒരു ഓവര്‍സിയറും രണ്ട് ജീവനക്കാരുമായിരുന്നു. ഇവരില്‍ ഒരാള്‍ അസുഖബാധിതയായതിനെതുടര്‍ന്ന് അവധിയിലുമായി. ഈ സാഹചര്യത്തിലാണ് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് കാണിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നഗരസഭാ ചെയര്‍പേഴ്‌സണും, കൗണ്‍സിലര്‍മാര്‍ക്കും സൂപ്രണ്ട് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്കും കത്ത് നല്‍കിയത്. കത്തിന്‍റെ പകര്‍പ്പ് കൈരളി വാര്‍ത്തയ്ക്ക് ലഭിച്ചു.
നഗരസഭയിലെ നാനൂറോളം വാര്‍ഷികപദ്ധതികള്‍, 200ഓളം വാല്യുവേഷന്‍, 3600ഓളം കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍, 1800ഓളം കെട്ടിടപൂര്‍ത്തീകരണങ്ങള്‍, പുതുക്കല്‍, ഭാഗികപൂര്‍ത്തീകരണ അപേക്ഷകള്‍ ഇവയെ കൂടാതെ കോടതി വ്യവഹാര ഫയലുകള്‍, പരാതി, വിവരാവകാശം, മറ്റ് വകുപ്പുകളിലെ വാല്യുവേഷന്‍ എന്നിവയും മേല്‍ ഓഫീസുകളിനിന്നും ആവശ്യപ്പെടുന്ന ഫയലുകളും റിപ്പോര്‍ട്ടുകളും, മറുപടി തയ്യാറാക്കലും എല്ലാം മുടങ്ങിയിരിക്കുകയാണെന്നാണ് എഞ്ചിനീയര്‍ ചൂണ്ടികാട്ടുന്നത്.
കാലാകാലങ്ങളില്‍ സര്‍ക്കാര്‍ സിഎംഎല്‍ആര്‍ആര്‍പി, പ്രളയം, എംഎല്‍എ, എംപി ആവശ്യപ്പെടുന്ന പ്രവൃത്തികളും നടപ്പാക്കുന്നതുള്‍പ്പെടെ 35 വാര്‍ഡുകളിലെയും പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നിലച്ചതായും കത്തില്‍ രേഖപ്പെടുത്തുന്നു. ഇത്തരം ചുമതലയ്ക്കായി പരിമിതമായ ആറ് ഓവര്‍സിയര്‍ തസ്തികകളാണ് ഇവിടെ ഉള്ളത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരെയും സ്ഥലം മാറ്റി. ഈ ഒരു സ്ഥിര ഓവര്‍സിയറെ മാത്രം ഉപയോഗിച്ച് ഓഫീസ് കാര്യങ്ങള്‍ നടത്തുന്നത് മനുഷ്യസാധ്യമല്ല എന്നാണ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പറയുന്നത്.
എന്നാല്‍ ഇത്രയധികം ഫയലുകള്‍ കുന്നുകൂടിയതിനു കാരണം എല്‍എസ്ജിഡി വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും അഴിമതിയുടെ ഭാഗമാണെന്നും നഗരസഭയിലെ ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ തന്നെ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ മേശപ്പുറത്ത് ലഭിക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പാക്കുന്നതിനുപകരം മനപൂര്‍വം വൈകിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ഇതിനിടെ ചെയര്‍പേഴ്സണ് കത്ത് നല്‍കിയ പിന്നാലെ അസിസ്റ്റന്‍റ് എഞ്ചിനീയറെ ഏതാനും ദിവസം ഓഫീസില്‍ കാണാതായതും ചര്‍ച്ചയായി. ഒരു ദിവസം ഓഫീസ് അടച്ചിടുകയും ചെയ്തിരുന്നു. ഏറ്റുമാനൂര്‍ നഗരസഭയിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ ആകെ താളം തെറ്റിയിരിക്കുകയാണെന്ന ജനസംസാരം ശരിവെക്കുകയാണ് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ ഈ കത്ത്. എല്‍എസ്ജിഡി വിഭാഗത്തിലെ മാത്രം സ്ഥിതി ഇതാണെങ്കില്‍ നഗരസഭാ ഓഫീസിലെ സ്ഥിതിയും മറിച്ചാകില്ലെന്നും സംസാരമുണ്ട്.