20 September, 2022 08:20:06 AM


ആരോഗ്യകേന്ദ്രത്തിലേക്ക് ഗതാഗത സൗകര്യമില്ല: കാണക്കാരി വാറ്റുപുര നിവാസികൾ ഒറ്റപ്പെടുന്നു



ഏറ്റുമാനൂർ : കാണക്കാരി പഞ്ചായത്തിലെ വാറ്റുപുര പട്ടിത്താനം ഭാഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സേവനം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു വാറ്റുപുര യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിൻസി സിറിയക്കിന് നിവേദനം നൽകി.

പഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെ നിന്നും വളരെ ദൂരെ ആയതു കൊണ്ടും അവിടേക്ക് പൊതുഗതാഗത സൗകര്യമില്ലാത്തതും ഈ പ്രദേശത്തുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു. പ്രായമായവർക്കും അംഗപരിമിതർക്കും അവിടെ എത്തിച്ചേരുന്നത് വിഷമകരമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. ആഴ്ചയിൽ 
ഒരു ദിവസം പരിശോധനയും, മരുന്ന് വിതരണവും, രക്തപരിശോധനാ സൗകര്യവും ഒരുക്കണമെന്നും ആവശ്യമുന്നയിച്ചു.

വാറ്റുപുര ഭാഗത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുൾപ്പടെ പതിനഞ്ചിന കാര്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വാറ്റുപുര പ്രദേശത്തെ പ്രധാന റോഡിന്റെ പൊട്ടിപോളിഞ്ഞ അവസ്ഥ പരിഹരിച്ചു വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ ഷിബു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത രാഗേഷ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൗലിമോൾ വർഗീസ്, പഞ്ചായത്ത്‌ മെമ്പർ അംബിക സുകുമാരൻ, പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്കും നിവേദനം നൽകി. വാറ്റുപുര യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബിന്റെ പ്രസിഡന്റ്‌ കെ. ജെ വിനോദ്, സെക്രട്ടറി പോൾ ജോസഫ് ഭാരവാഹികളായ പി.വി. ലിവിൻ, സി. ജി. മനോജ്‌, മനു കെ, രതീഷ് എസ്, ശശി എൻ. ഡി., ആൽബിൻ സജീവ്, ജോമേഷ് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K