18 September, 2022 08:18:27 PM


മാനസികാരോഗ്യ പ്രവർത്തനങ്ങളിലെ പ്രകടനം: ഡോ.എലിസബത്ത് ജോണിന് ഇന്ത്യ പ്രൈം അവാർഡ്



കോട്ടയം: ഇന്ത്യയിലും വിദേശത്തുമുള്ള മാനസികാരോഗ്യ പ്രവർത്തനങ്ങളിലെ മികച്ച പ്രകടനത്തിന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള 'ഫോക്സ്ക്ലൂസ്' എന്ന സംഘടന ഏര്‍പ്പെടുത്തിയ ഇന്ത്യ പ്രൈം അവാർഡ് 2022 പേരൂര്‍ പേരുമാലില്‍ ഡോ.എലിസബത്ത് ജോണിന്. പേരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ലൈഫ് കെയര്‍ കൌണ്‍സിലിംഗ് സെന്‍റര്‍ ഫോര്‍ വുമണ്‍ ആന്‍റ് ചൈല്‍ഡ് ഡവലപ്മെന്‍റ്' എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടറാണ് ഡോ.എലിസബത്ത് ജോണ്‍.


2006 മുതല്‍ വിദ്യാര്‍ഥികളുടെയും മുതിര്‍ന്നവരുടെയുമിടയില്‍ മാനസികാരോഗ്യ പ്രവർത്തനങ്ങളുമായി രംഗത്തുള്ള എലിസബത്ത് ജോണ്‍ ഇതിനോടകം പതിനായിരക്കണക്കിന് ആളുകളില്‍ തന്‍റെ സേവനം എത്തിക്കുകയും വൈകാരികബുദ്ധി വളരുവാനുള്ള 476  പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. കുട്ടികളുടെയും കൗമാരക്കാരുടെയും കുടുംബങ്ങളുടെയും പ്രശ്നങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഡോ.എലിസബത്തിന് ഇതിനോടകം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.


2020ല്‍ 'ഫോര്‍എവര്‍ സ്റ്റാര്‍ ഇന്ത്യ'യുടെ 'റിയല്‍ സൂപ്പര്‍ വുമണ്‍' എന്ന പുരസ്കാരത്തിന് അര്‍ഹയായി. 2022ല്‍ തന്നെ മാനസികാരോഗ്യമേഖലയിലെ മികച്ച സാമൂഹികപ്രവര്‍ത്തകയ്ക്കുള്ള  ഇന്‍റർനാഷണൽ സോഷ്യൽ ഹോണറബിൾ വേൾഡ് ചാരിറ്റി വെൽഫെയർ അവാർഡും ലഭിച്ചു. കോയമ്പത്തൂരിലെ വിംസ് ഇന്‍സ്റ്റിറ്റ്യൂട്ട്, എം.ജി.യൂണിവേഴ്സിറ്റിയുടെ ഐയുസിഡിഎസ് ഡിപ്പാര്‍ട്ട്മെന്‍റ്  തുടങ്ങി പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എലിസബത്ത് കോട്ടയം പുതുപ്പള്ളി ഐയുസിബിആര്‍ എത്തിക്കല്‍ കമ്മറ്റി അംഗമാണ്.


പേരൂര്‍ പേരുമാലില്‍ പി.ഓ.ജോണിന്‍റെയും ഗ്രേസിയുടെയും മകളാണ്. ഉല്ലാസ് ചെറിയാന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: ഇസബെല്ല ഉല്ലാസ്, പോള്‍ ഉല്ലാസ് (ഇരുവരും വിദ്യാര്‍ഥികള്‍).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K