10 September, 2022 08:10:36 AM


പേരൂരില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ; തങ്ങള്‍ അറിഞ്ഞില്ലെന്ന് നഗരസഭാ അധികൃതര്‍



കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ആറ് പേരെ കടിച്ചത് വളര്‍ത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. എന്നാല്‍ ഈ വിവരം നഗരസഭാ അധികൃതര്‍ അറിയുന്നത് പത്രവാര്‍ത്തയിലൂടെ. നാട്ടുകാര്‍ തല്ലികൊന്ന നായുടെ മൃതദേഹം നഗരസഭാ അധികൃതര്‍ പിറ്റേന്ന് തന്നെ തിരുവല്ല മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് മാത്രമേ പോസ്റ്റ്മോര്‍ട്ടം നടത്തു എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വാര്‍ത്ത കണ്ട് വിളിച്ചുചോദിച്ച നഗരസഭാ കൌണ്‍സിലറോട് ഇന്നലെ പോസ്റ്റ്മോര്‍ട്ടം നടന്നതായി ഡോക്ടര്‍ പറയുകയായിരുന്നു. അതേസമയം, പേവിഷബാധ സ്ഥിരീകരിച്ചിട്ടും വിവരം ബന്ധപ്പെട്ടവരെ അറിയിക്കാത്ത ഡോക്ടറുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുമുണ്ട്.

പേരൂര്‍ വെച്ചൂര്‍കവലയ്ക്കു സമീപം വരിക്കയില്‍മുക്ക് ഭാഗത്ത് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ നഗരസഭാ കൌണ്‍സിലറുടെ നേതൃത്വത്തില്‍ നായയുടെ മൃതദേഹം തിരുവല്ലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി ആയതിനാല്‍ ശനിയാഴ്ചയേ പോസ്റ്റ്മോര്‍ട്ടം നടക്കൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. പക്ഷെ ഇതിന് ഘടകവിപരീതമായി ഇന്നലെ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും വിവരം തങ്ങളെ അറിയിക്കാതിരുന്നത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുകയാണ് ഉണ്ടായതെന്ന് നഗരസഭാ അധികൃതര്‍ വെളിപ്പെടുത്തുന്നു.

നാട്ടുകാര്‍ തല്ലികൊന്ന നായയുടെ കഴുത്തില്‍ ബെല്‍റ്റും കയറും കണ്ടതോടെയാണ് ഇത് വളര്‍ത്തുനായാണെന്ന് സ്ഥിരീകരിച്ചത്. ഉടമസ്ഥനെ മനസിലായെങ്കിലും തന്‍റെ നായാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകാത്തത് അധികൃതരെ കുഴയ്ക്കുകയാണ്. അപകടകരമാംവിധം നായെ അഴിച്ചുവിട്ട ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കാനാവുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ബീന ഷാജി പറഞ്ഞിരുന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് ഇവരും അറിഞ്ഞത് വാര്‍ത്ത കണ്ട് മറ്റ് കൌണ്‍സിലര്‍മാര്‍ വിളിച്ചുചോദിച്ചപ്പോഴാണത്രേ.

നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ആറ് പേരെയും അന്ന് തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വിട്ടയച്ചിരുന്നു. പേരൂര്‍ വലിയവീട്ടില്‍ ആരാധന (36), ശശിധരന്‍ (70), പീതാംബരന്‍ (65), മുതിരകാലായില്‍ അഭിജിത് (23), മുണ്ടുവേലില്‍ സോമന്‍ നായര്‍ (70), ചേറ്റുകുളത്ത് സൈജു (45) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. നായ വീടുകളില്‍ കയറിയും ആളുകളെ ആക്രമിച്ചിരുന്നു. ഇരുപത്തഞ്ചോളം പേരുടെ നേരെ നായ ചീറിയടുത്തെങ്കിലും ഓടിമാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെട്ടു.

ആരാധനയും ഭര്‍ത്താവ് രജനീഷും രണ്ട് കുട്ടികളും ഓണത്തിന് വസ്ത്രങ്ങളും വാങ്ങി ബൈക്കില്‍ തിരികെയെത്തി  വീട്ടിലേക്കു കയറുംവഴിയാണ് നായയുടെ ആക്രമണമുണ്ടായത്. നായ ചാടികയറിയതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ഒപ്പം ആരാധനയ്ക്ക് കടിയുമേറ്റിരുന്നു. ഇത് കണ്ട് നായയെ ഓടിക്കാനായി വീട്ടില്‍നിന്നും എത്തിയ  പിതാവ് ശശിധരനെയും നായ കടിക്കുകയായിരുന്നു. സോമന്‍ നായര്‍, പീതാംബരന്‍, സൈജു എന്നിവരെ വീട്ടില്‍കയറിയാണ് നായ കടിച്ചത്. ടി.വി. കണ്ടുകൊണ്ടിരുന്ന സോമന്‍നായരെ കടിച്ചത് അടുക്കള വാതിലിലൂടെ ഉള്ളില്‍ കയറിയാണ്. ഏറെ നേരത്തെ ഭയാനകമായ അന്തരീക്ഷത്തിനൊടുവില്‍ കടിയേറ്റ ഒരാളും നാട്ടുകാരും ചേര്‍ന്നാണ് നായയെ തല്ലികൊന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K