08 September, 2022 08:15:23 AM
പേരൂരില്‍ ആറ് പേരെ കടിച്ചത് വളര്‍ത്തുനായ; നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും
കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ആറ് പേരെ കടിച്ചത് വളര്‍ത്തുനായ. നാട്ടുകാര്‍ തല്ലികൊന്ന നായയുടെ കഴുത്തില്‍ കണ്ട ബെല്‍റ്റും കയറും ഈ സംശയം ബലപ്പെടുത്തുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് രാവിലെ നായയുടെ മൃതദേഹം തിരുവല്ല മൃഗാശുപത്രിയില്‍ എത്തിച്ച് നാളെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷമേ പേവിഷബാധയുണ്ടോ എന്നറിയാനാവു എന്ന് നഗരസഭ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ബീനാ ഷാജി പറഞ്ഞു. അപകടകരമാംവിധം നായെ അഴിച്ചുവിട്ട ഉടമസ്ഥര്‍ക്കെതിരെ കേസെടുക്കാനാവുമെന്ന് ബീന ഷാജി പറഞ്ഞു. എന്നാല്‍ ഉടമസ്ഥര്‍ ആരെന്ന് ഇതുവരെ കണ്ടെത്താനാവാത്തത് ഇതിനു തടസമായി നില്‍ക്കുന്നു.
അതേസമയം നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ആറ് പേരും പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം ആശുപത്രി വിട്ടു. വെച്ചൂര്‍കവലയ്ക്കു സമീപം വരിക്കയില്‍മുക്ക് ഭാഗത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. നായയുടെ കടിയേറ്റ പേരൂര്‍ വലിയവീട്ടില്‍ ആരാധന (36), ശശിധരന്‍ (70), പീതാംബരന്‍ (65), മുതിരകാലായില്‍ അഭിജിത് (23), മുണ്ടുവേലില്‍ സോമന്‍ നായര്‍ (70), ചേറ്റുകുളത്ത് സൈജു (45) എന്നിവരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വീടുകളില്‍ കയറിയും ആളുകളെ ആക്രമിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഇരുപത്തഞ്ചോളം പേരുടെ നേരെ നായ ചീറിയടുത്തെങ്കിലും ഓടിമാറിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപെട്ടു.
ആരാധനയും ഭര്‍ത്താവ് രജനീഷും രണ്ട് കുട്ടികളും ഓണത്തിന് വസ്ത്രങ്ങളും വാങ്ങി ബൈക്കില്‍ തിരികെയെത്തി വീട്ടിലേക്കു കയറുംവഴിയാണ് നായയുടെ ആക്രമണമുണ്ടായത്. നായ ചാടികയറിയതോടെ ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ഒപ്പം ആരാധനയ്ക്ക് കടിയുമേറ്റിരുന്നു. ഇത് കണ്ട് നായയെ ഓടിക്കാനായി വീട്ടില്‍നിന്നും എത്തിയ പിതാവ് ശശിധരനെയും നായ കടിക്കുകയായിരുന്നു. സോമന്‍ നായര്‍, പീതാംബരന്‍, സൈജു എന്നിവരെ വീട്ടില്‍കയറിയാണ് നായ കടിച്ചത്. ടി.വി. കണ്ടുകൊണ്ടിരുന്ന സോമന്‍നായരെ കടിച്ചത് വീടിനു പിന്നിലെ വാതിലിലൂടെ ഉള്ളില്‍ കയറിയാണ്.
ഏറെ നേരത്തെ ഭയാനകമായ അന്തരീക്ഷത്തിനൊടുവില്‍ കടിയേറ്റ ഒരാളും നാട്ടുകാരും ചേര്‍ന്ന് നായയെ തല്ലികൊന്നു. അതേസമയം, ഇന്നലെ രാത്രി 7.30 മണിക്കും 11 മണിക്കും ഇടയില്‍ മാത്രം ഒമ്പത് പേരാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പേരൂരില്‍ പരിക്കേറ്റവരെ കൂടാതെ മീനടം, പനമറ്റം, പാതാമ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.