06 September, 2022 07:09:46 PM


അതിദരിദ്രർക്കായി സൂക്ഷ്മ പദ്ധതികൾ രൂപീകരിച്ച ആദ്യ ജില്ലയായി കോട്ടയം

അതിദാരിദ്രം തുടച്ചുനീക്കാൻ ജില്ലയിൽ ഉടൻ നടപ്പാക്കുക 375 പദ്ധതികൾ... 280 ഹ്രസ്വകാല പദ്ധതികളും 185 ദീർഘകാല പദ്ധതികളും നടപ്പാക്കും



കോട്ടയം: അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അതിദരിദ്രർക്കായുള്ള സൂക്ഷ്മപദ്ധതി (മൈക്രോപ്ലാൻ) രൂപീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയം മാറിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു. കോട്ടയം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിൽ അതിദരിദ്രരായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തിയ 1071 കുടുംബങ്ങൾ/വ്യക്തികൾക്കായാണ് മൈക്രോപ്ലാൻ രൂപീകരിച്ചത്. പഞ്ചായത്തുതലത്തിൽ മൈക്രോപ്ലാൻ രൂപീകരണം ആദ്യം പൂർത്തീകരിച്ചതു മുണ്ടക്കയം ഗ്രാമപഞ്ചായത്താണ്. 

തദ്ദേശസ്വയം ഭരണവകുപ്പിന്‍റെ ഡാറ്റബേസിൽനിന്നു (എം.ഐ.എസ്) ലഭ്യമാക്കിയ കുടുംബങ്ങളുടെ/വ്യക്തികളുടെ വിവരങ്ങൾ പ്രാഥമികമായി അവലോകനം ചെയ്തശേഷം വാസസ്ഥലം നേരിട്ടു സന്ദർശിച്ചാണു സൂക്ഷ്മപദ്ധതികൾ തയാറാക്കിയത്. സൂക്ഷ്മപദ്ധതിക്കായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ശിൽപശാലകൾ നടത്തിയിരുന്നു. തുടർന്ന് ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി പദ്ധതികൾ വിലയിരുത്തി അംഗീകരിച്ചു. അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി ഉടൻ നടപ്പാക്കാവുന്ന 375 പദ്ധതികൾക്ക് അംഗീകാരം നൽകി. 280 ഹ്രസ്വകാല പദ്ധതികളും 185 ദീർഘകാല പദ്ധതികളുമാണ് ജില്ലയിൽ ഏറ്റെടുത്തിട്ടുള്ളത്. ഉടൻ നടപ്പാക്കുന്ന സേവന പദ്ധതികളിൽ പാകം ചെയ്ത ഭക്ഷണം എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കൽ, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഭിന്നശേഷിക്കാർക്കുള്ള സർട്ടിഫിക്കറ്റുകൾ, സാമൂഹിക സുരക്ഷാ പെൻഷൻ, അവകാശരേഖകൾ, അവകാശങ്ങളും ലഭ്യമാക്കൽ, ആരോഗ്യവുമായി ബന്ധപ്പെട്ട ഇടപെടലുകൾ, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പോഷകാഹാരം ലഭ്യമാക്കൽ, മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം/ചികിത്സ, വീടുകളുടെ അറ്റകുറ്റപണി, വാസസ്ഥലം ഉറപ്പാക്കൽ എന്നിവയാണ് ഹ്രസ്വകാല പദ്ധതികളിലുള്ളത്. മാനസികാരോഗ്യ ചികിത്സയ്ക്ക് ശേഷമുള്ള പുനരധിവാസം, ഭൂരഹിത ഭവനരഹിതർക്ക് ഭവനം ലഭ്യമാക്കൽ, വീടുകളിലേയ്ക്കുള്ള യാത്രാ മാർഗം ഉറപ്പാക്കൽ, വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് നൈപുണ്യവികസന പരിശീലനങ്ങൾ നൽകൽ, പ്രായമായവർ മാത്രമുള്ള ' കുടുംബങ്ങളിൽ ലഘുവായ പ്രവൃത്തികളിലൂടെ ഉപജീവനമാർഗങ്ങൾ കണ്ടെത്തൽ, കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭ പദ്ധതികൾ തയാറാക്കൽ എന്നിവയാണ് ദീർഘകാല പദ്ധതികളിൽ ഉൾപ്പെടുത്തിയത്.  ഏറ്റെടുത്ത സൂക്ഷ്മ പദ്ധതികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തീകരിച്ച് ജില്ലയിലെ അതിദാരിദ്ര്യം പൂർണമായി നിർമാർജ്ജനം ചെയ്യുകയാണ് ലക്ഷ്യം. 

സംസ്ഥാന സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരു  അതിദാരിദ്ര്യ നിർമാർജ്ജന പ്രക്രിയ. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ ജില്ലയായിരുന്നു കോട്ടയം. അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ മികച്ച പ്രവർത്തനങ്ങൾക്ക് രാജ്യാന്തര പ്രശസ്തരായ സ്വതന്ത്ര സംഘടന സ്‌കോച്ച് ഗ്രൂപ്പ് നൽകുന്ന ദേശീയ പുരസ്‌കാരം ജില്ലയ്ക്കു ലഭിച്ചിരുന്നു. അതിദാരിദ്ര്യ നിർമാർജ്ജനത്തിന്റെ അടുത്ത ഘട്ടമായ മൈക്രോപ്ലാൻ രൂപീകരണമാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്.

സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവന്‍റെ മേൽനോട്ടത്തിലാണ് ജില്ലയിൽ പദ്ധതി പുരോഗമിക്കുന്നത്. വാർത്താസമ്മേളനത്തിൽ നോഡൽ ഓഫീസറായ പി.എ.യു. പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കില ഫെസിലിറ്റേറ്റർ ബിന്ദു അജി എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K