02 September, 2022 08:00:05 PM
നാല് പതിറ്റാണ്ടിനുശേഷം അവര്‍ വീണ്ടും ആ പടികള്‍ കയറി; കുരുന്നുകളോടൊപ്പം ഓണമുണ്ണാന്‍
ഏറ്റുമാനൂര്‍: നാല് പതിറ്റാണ്ടിനുശേഷം പഴയ വിദ്യാലയ അങ്കണത്തിലേക്ക് അവര്‍ എത്തി. ഇപ്പോള്‍ പഠിക്കുന്ന കുരുന്നുകള്‍ക്ക് ഓണവിരുന്നുമായി. പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളില്‍ നടന്ന ഓണാഘോഷത്തില്‍ കുരുന്നുകുട്ടികളോടും രക്ഷിതാക്കളോടുമൊപ്പം നാല്‍പത്തിരണ്ട് വര്‍ഷം മുമ്പ് ഇവിടെ പഠിച്ച പൂര്‍വ്വവിദ്യാര്‍ഥികളും അവരെ പഠിപ്പിച്ച അധ്യാപകനും ഒത്തുചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ സംഗമമായി.
1980-81 വര്‍ഷം ഏഴാം ക്ലാസില്‍ പഠിച്ച സഹപാഠികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ് വേറിട്ട പരിപാടിയുമായി സ്കൂളില്‍ സംഗമിച്ചത്. അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ഒരാളായ കെ.സി.ജോണ്‍ കൊരട്ടിയിലും പ്രായവും ആരോഗ്യപ്രശ്നങ്ങളും മറന്ന് തന്‍റെ ശിഷ്യരോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും അധ്യാപകരോടും തങ്ങളുടെ പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ച് പഴയ 'സാറും കുട്ടികളും' ഓണാഘോഷപരിപാടികളില്‍ പങ്കെടുത്തതും വ്യത്യസ്തമായി.
സാംസ്കാരികസമ്മേളനം കെ.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് ഡോ.എലിസബത്ത് ജോണ്‍ അധ്യക്ഷയായിരുന്നു. പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കുവേണ്ടി കെ.സി.ജോണിനെ ബി.സുനില്‍കുമാര്‍ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് സിനി ജോസഫ്, നഗരസഭാ കൌണ്‍സിലര്‍ രാധികാ രമേശ്, പി.ബി.സന്തോഷ്കുമാര്‍, ജിന്‍സണ്‍ പി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുരളീധരന്‍ നായര്‍, രാജശേഖരന്‍ നായര്‍ കെ.ആര്‍, ബില്‍ബണ്‍, റോയി, ജ്യോതി എസ്, എബി ജോര്‍ജ്, ആന്‍ മരിയ ബേബി, ഷാനി എസ് കമല്‍, അനുമോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളിലായി 94 കുട്ടികളാണ് ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്നത്.