23 August, 2022 02:35:03 PM
10 ദിവസത്തിനകം കടിയേറ്റത് അറുപതോളം പേർക്ക്: ഒരു മരണം; കോട്ടയംകാര്‍ ഭീതിയില്‍
കോട്ടയം: തെരുവുനായ്ക്കളെ പേടിച്ച് വീടിനു പുറത്തിറങ്ങാനാകാത്ത സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ ജനങ്ങൾ.കഴിഞ്ഞ 10 ദിവസത്തെ മാത്രം കണക്കെടുത്താൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും നായ്ക്കളുടെ കടിയേറ്റവരുടെ കണക്ക് 60ന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മാത്രം അഞ്ചിടങ്ങളിലായി 12 പേരെയാണ് തെരുവുനായ ആക്രമിച്ചത്. കോട്ടയം കറുകച്ചാലിൽ 11 വയസ്സുകാരി അടക്കം മൂന്ന് പേർക്കും, വെള്ളൂർ വടകരയിൽ സ്ത്രീകൾ അടക്കം രണ്ടുപേർക്കും കടിയേറ്റു. തിരുവാർപ്പിൽ കഴിഞ്ഞ ദിവസം രാത്രി അഞ്ചുപേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
വൈക്കത്താണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. ഇവിടെ ഇതുവരെയായി 39 പേരെ തെരുവുനായ കടിച്ചു. രണ്ടു ദിവസം മുൻപ് ചെമ്പ് പോസ്റ്റ് ഓഫീസിന് സമീപം 11 പേരെയാണ് ആക്രമിച്ചത്. ഇതിന്‍റെ തലേന്ന് തലയോലപ്പറമ്പ് പഞ്ചായത്തിൽ 10 പേർക്ക് ആക്രമണമേറ്റു. കഴിഞ്ഞ 28ന് വെച്ചൂരിൽ പേവിഷബാധയേറ്റ നായ കടിച്ച വളർത്തുനായ, വീട്ടമ്മ അടക്കം മൂന്നു പേരെ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇതിന് തൊട്ട് മുൻപ് വൈക്കം നഗരസഭാ പരിധിയിൽ 12 പേരെയാണ് തെരുവുനായ ആക്രമിച്ചത്. വെള്ളൂർ പഞ്ചായത്തിലെ വടകരയിൽ രാവിലെ എറണാകുളത്തേക്ക് ബസ് കാത്തുനിന്ന രണ്ട് സ്ത്രീകളെ നായ ആക്രമിച്ചു.
വൈക്കത്തിന് പിന്നാലെ കോട്ടയം നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് സമീപം മൂന്നു പേരെ തെരുവനായ ആക്രമിച്ചിരുന്നു. മെഡിക്കൽ കോളേജിലെ കൂട്ടിപ്പിരിപ്പുകാരനെ കഴിഞ്ഞ ദിവസമാണ് നായ ആക്രമിച്ചു കടിച്ചത്. ഇതിന് പിന്നാലെ പാലായിലും തെരുവ് നായ ഒരാളെ ആക്രമിച്ചിരുന്നു.
തെരുവുനായ ആക്രമിക്കുന്നു എന്നതിനപ്പുറം പേവിഷബാധയുള്ള നായ്ക്കൾ ആണ് മിക്കയിടങ്ങളിലും ആക്രമണം നടത്തിയത് എന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വൈക്കം നഗരസഭയ്ക്ക് കീഴിലും, തലയോലപ്പറമ്പിലും, ചെമ്പിലും, വെച്ചൂരും കടിച്ച നായകൾക്ക് തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ നായകടി ഉണ്ടായ സ്ഥലങ്ങളിൽ ആക്രമിച്ച നായയുടെ പരിശോധന ഫലം ഇനിയും പുറത്തു വരാനിരിക്കുകയാണ്.
തെരുവുനായയുടെ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ ഒരാൾക്ക് ജീവൻ നഷ്ടമായി എന്നതും കോട്ടയത്തെ ഭയപ്പെടുത്തുന്ന സാഹചര്യം വ്യക്തമാക്കുന്നു. അസം സ്വദേശിയായ ജീവൻ ബറുവ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് പേവിഷബാധയേറ്റ് മരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവൻ ബറുവ മരിക്കുന്നതിന് തലേദിവസം രാത്രി മെഡിക്കൽ കോളജിൽ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു.
അതേദിവസം രാത്രി തന്നെ ഗാന്ധിനഗർ പോലീസും കൺട്രോൾ റൂം പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനോടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പിറ്റേദിവസം പുലർച്ചയാണ് കോട്ടയം കുടമാളൂരിൽ നിന്നും പോലീസ് സംഘം ജീവൻ ബറുവയെ പിടിച്ച് ആശുപത്രിയിൽ തിരികെ എത്തിച്ചത്. ആശുപത്രിയിൽ എത്തിയതിന് പിന്നാലെ തൊട്ടടുത്ത ദിവസം രാവിലെ മരണം സംഭവിച്ചു.
നായകടി തുടർക്കഥയാകുമ്പോഴും ജില്ലാ ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. പ്രശ്നം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ പറയുന്നു. തെരുവ് നായകളുടെ പുനഃരധിവാസം അടക്കമുള്ള കാര്യങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നുമില്ല. വേണ്ടത്ര ഫണ്ടില്ല എന്നതാണ് കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നത്. നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി പദ്ധതി കാര്യക്ഷമമല്ലാത്തതും നായകൾ പെറ്റു പെരുക്കാൻ കാരണമായി.