20 August, 2022 05:59:39 PM
ശാരീരികവൈകല്യം മറന്ന് ദിവ്യ; 'കാരുണ്യതരംഗ'വുമായി പ്രസാദ് ബാവന്‍
കോട്ടയം: ജനിതകരോഗാവസ്ഥമൂലം കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങുക എന്ന മോഹം മനസില്‍ കൊണ്ടുനടന്നിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് കോട്ടയം കഞ്ഞിക്കുഴിയിലെ വസ്ത്രവ്യാപാരസ്ഥാപനത്തില്‍ നിന്നും ലഭിച്ച വരവേല്‍പ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു. സംസ്ഥാനപൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം കോട്ടയം സബ് ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥയായ ദിവ്യാ ശശിധരനാണ് തനിക്കുണ്ടായ ആ നല്ല അനുഭവം ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥ മൂലം സ്റ്റെപ്പുകൾ കയറുവാനോ സ്വന്തമായി നടക്കുവാനോ കഴിയാത്ത ദിവ്യ സാധാരണ ഓണ്‍ലൈനിലൂടെയാണ് അവശ്യസാധനങ്ങള്‍ വാങ്ങിവന്നിരുന്നത്. ഇക്കുറി ഓണക്കോടി വാങ്ങാന്‍ നെറ്റില്‍ പരതിയെങ്കിലും മനസിനിണങ്ങിയ ഒന്ന് കണ്ടെത്താനായില്ല. അങ്ങനെയാണ് അമ്മയോടൊപ്പം മുട്ടമ്പലത്തെ ക്വാര്‍ട്ടേഴ്സില്‍നിന്നും കഞ്ഞിക്കുഴിയിലെ തരംഗ സില്‍ക്സില്‍ എത്തിയത്. ഷോപ്പില്‍നിന്നും ഒരു കസേര എടുത്ത് അതിലിരുത്തി എടുത്താണ് ഓട്ടോയില്‍നിന്നും ദിവ്യയെ കടയ്ക്കുള്ളില്‍ എത്തിച്ചത്. വീല്‍ചെയര്‍ ഇല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട വസ്ത്രം ഓടിനടന്നു തിരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയുമായി. ഇതിനിടെ അടുത്തെത്തിയ കടയുടമ പ്രസാദ് ബാവന്‍ ഒരാഴ്ചയ്ക്കുള്ളില്‍ കടയില്‍ വീല്‍ചെയര്‍ വാങ്ങുമെന്ന് ഉറപ്പുനല്‍കി.
പക്ഷെ ദിവ്യയെ ഏറെ അമ്പരിപ്പിച്ചതും സന്തോഷിപ്പിച്ചതും പ്രസാദ് ബാവന്‍റെ ശരവേഗത്തിലുള്ള നടപടികളായിരുന്നു. ദിവ്യ കടയില്‍ ഇരിക്കുമ്പോള്‍ തന്നെ ജീവനക്കാരനെ വീല്‍ചെയര്‍ വാങ്ങാന്‍ പ്രസാദ് പുറത്തേക്ക് അയച്ചിരുന്നു. ഏതാണ്ട് ഒരു മണിക്കൂറിനകം തന്നെ വീല്‍ചെയര്‍ എത്തി. അങ്ങിനെ കടയിലാകമാനം സഞ്ചരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനായി. തന്നെപ്പോലെ ശാരീരിക പരിമിതികൾ നേരിടുന്നവരെ അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നു എന്നുള്ളതിന് ഏറ്റവും വലിയ തെളിവായി ദിവ്യ ഈ അനുഭവം പങ്കുവെക്കുകയാണ്.
ദിവ്യ ശശിധരന്‍റെ ഫേസ്ബുക്ക് കുറിപ്പ്...
"സ്നേഹത്തിന്‍റെ ചേർത്തുനിർത്തലിലൂടെ എനിക്ക് അനുഭവപ്പെട്ട ഒരു ഷോപ്പിംഗ് അനുഭവം നിങ്ങളുമായി പങ്കുവെക്കട്ടെ.
മസ്കുലാർ ഡിസ്ട്രോഫി എന്ന ജനിതകരോഗാവസ്ഥ മൂലം ശാരീരിക പരിമിതികൾ നേരിടുന്ന വ്യക്തിയാണ് ഞാൻ, സ്റ്റെപ്പുകൾ കയറുവാനോ സ്വന്തമായി നടക്കുവാനോ എനിക്ക് സാധിക്കില്ല. ഒട്ടുമിക്ക കടകളും പടിക്കെട്ടുകൾ നിറഞ്ഞതായതുകൊണ്ട് മിക്കപ്പോഴും കടയിൽ പോയി സാധനങ്ങൾ വാങ്ങുക എന്നത് ഒരു ആഗ്രഹമായി മാത്രം നിലനിൽക്കുന്നു. എന്‍റെ ചുറ്റുപാടുകൾ ഭിന്നശേഷി സൗഹൃദം അല്ലാത്തതിനാൽ ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് മുതൽ പച്ചക്കറിയും പഴങ്ങളും വരെ ഓൺലൈൻ ഷോപ്പിങ്ങിലൂടെ തിരഞ്ഞെടുക്കേണ്ടതായി വരുന്നു.
ഇനി എന്‍റെ ഷോപ്പിംഗ് അനുഭവം പറയാം, ഈ ഓണത്തിനും ഓണകോടി വാങ്ങാൻ ഓൺലൈൻ സൈറ്റുകളിൽ പരതി നോക്കിയെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ടത് കണ്ടെത്താനായില്ല അങ്ങനെയാണ് ബുദ്ധിമുട്ടാണെങ്കിലും കടയിൽ പോയി എടുക്കാമെന്ന് തീരുമാനിച്ചു. പാർക്കിംഗും ഒരു സ്റ്റെപ്പും മാത്രമുള്ള, ഷോപ്പായ കോട്ടയം കഞ്ഞിക്കുഴി തരംഗ സിൽക്സിൽ പോകാം എന്ന് തീരുമാനിച്ചു. കഴിഞ്ഞ ശനിയാഴ്ച ഓട്ടോയിലെത്തി അവിടെ ഇറങ്ങി , ചെറിയ ദൂരം ഒക്കെ അമ്മയുടെ കയ്യിൽ പിടിച്ചു നടക്കുമെങ്കിലും തികച്ചും അപരിചിതമായ സ്ഥലങ്ങളിൽ നടക്കുമ്പോൾ വീഴുമെന്ന് ഭയമാണ്. അതുകൊണ്ടുതന്നെ ഷോപ്പിൽ വീൽ ചെയർ ഉണ്ടോയെന്ന് അന്വേഷിച്ചു, വീൽചെയർ ഇല്ല എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി, ഷോപ്പിൽ നിന്ന് ഒരു കസേര എടുത്തു അതിൽ ഇരുത്തി അവിടുത്തെ സ്റ്റാഫ് ചേച്ചിമാരും ഞാൻ സ്ഥിരം സഞ്ചരിക്കുന്ന ഓട്ടോയുടെ ഡ്രൈവർ സുനിൽ ചേട്ടനും കൂടി എടുത്തു അകത്ത് ഇരുത്തി. shop owner Prasad Baven Sir അടുത്ത് വന്ന് എന്നോട് ആദ്യം പറഞ്ഞത് ഷോപ്പിലേക്ക് ഒരു വീൽചെയർ വാങ്ങണം എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു, എന്തായാലും ഒരാഴ്ചയ്ക്കുള്ളിൽ ഷോപ്പിലേക്ക് വീൽചെയർ വാങ്ങും, അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി, അദ്ദേഹത്തോട് എൻ്റെ സന്തോഷവും നന്ദിയും അറിയിച്ചു. ഷോപ്പിലെ സ്റ്റാഫ് ചേച്ചിമാർ ഞാൻ ആവശ്യപ്പെട്ട വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുത്തു എൻ്റെ അടുത്തുകൊണ്ടുവന്നു കാണിക്കുകയായിരുന്നു. അമ്മ മുകളിലത്തെ ഫ്ലോറിൽ നിന്നും എനിക്ക് ആവശ്യമായ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു. ഏകദേശം ഒരു മണിക്കൂർ ആകാറായപ്പോഴേക്കും എൻ്റെ മുന്നിലേക്കെത്തിയ വീൽചെയർ കണ്ടു ഞാൻ അത്ഭുതപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ എന്ന് സമയം പറഞ്ഞ വീൽചെയർ ഒരു മണിക്കൂറിനുള്ളിൽ കണ്ടപ്പോൾ എൻറെ കണ്ണുകളിൽ അതിശയം, സന്തോഷം, നന്ദി എല്ലാം ഒരുമിച്ച് പ്രകടമായിരുന്നു. പ്രസാദ് സാർ പറഞ്ഞു ഇനി പോയി ഷോപ്പ് എല്ലാം കണ്ടിട്ട് വരാൻ, വീൽചെയറിൽ ചേച്ചിമാർ എന്നെ ഷോപ്പ് മുഴുവൻ കൊണ്ടുപോയി കാണിച്ചു, ലിഫ്ട്ടിലൂടെ മുകളിത്തെ നിലയിൽ എത്തി എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പർച്ചേസ് ചെയ്യാൻ സാധിച്ചു.
സാറും ചേച്ചിമാരും എൻ്റെ രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു, മസ്കുലാർ ഡിസ്ട്രോഫി രോഗാവസ്ഥയെ കുറിച്ചും Muscular Dystrophy & Spinal Muscular Atrophy ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഞാൻ ഉൾപ്പെടുന്ന MIND TRUST (Mobility In Dystrophy Trust) നെ കുറിച്ചും ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു. ഡ്രസ്സ് എടുക്കാൻ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് പോരൂ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞങ്ങൾ നോക്കിക്കോളാം എന്നും അവരെല്ലാം സപ്പോർട്ട് ആയി കൂടെയുണ്ടാവും എന്നും വാക്ക് നൽകി, വളരെ സന്തോഷത്തോടെ എന്നെ യാത്ര അയച്ചു. അവിടുന്ന് തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് നിറയെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു ഒരു പരിചയമില്ലാഞ്ഞിട്ടു പോലും എന്നെപ്പോലെയുള്ള ഒരാളുടെ ആവശ്യങ്ങളും അവസ്ഥയും മനസ്സിലാക്കി എന്നെ ചേർത്ത് പിടിച്ചത് ഓർത്തപ്പോൾ.
എന്നെപ്പോലെ ശാരീരിക പരിമിതികൾ നേരിടുന്നവരെ അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നു എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഈ അനുഭവം.
കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടാണെങ്കിലും പരിമിതികൾ നേരിടുന്ന ആളുകൾ പൊതു സമൂഹത്തിലേക്ക് ഇറങ്ങിചെല്ലുന്നത് മറ്റുള്ള ആളുകൾക്ക് ഇതുപോലെയുള്ള ആളുകളുടെ ആവശ്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിന് ഉപകരിക്കുന്ന ഒന്നാണ്.പ്രസാദ് സാറിനെ പോലെ സമൂഹത്തിലെ മുഴുവൻ ആളുകളും തങ്ങളുടെ ചുറ്റുമുള്ള വിവിധങ്ങളായ പരിമിതികൾ നേരിടുന്ന ആളുകളെ ചേർത്ത് പിടിക്കുമ്പോൾ നമ്മൾ ഓരോരുത്തരും നടന്നടുക്കുന്നത് An Inclusive India എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിലേക്കാണ് .
തരംഗ സിൽക്സിലെ പ്രസാദ് സാറിനും എല്ലാ സ്റ്റാഫുകൾക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു."