07 August, 2022 09:45:32 AM
ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരിൽ തട്ടിപ്പ്; മെഡി. കോളേജിലെ ജീവനക്കാരന് സസ്പെന്‍ഷന്‍
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രീയക്ക് വിധേയമാകുന്ന രോഗികളുടെ ബന്ധുക്കളെ കൊണ്ട് ഡോക്ടർമാർ അറിയാതെ അനാവശ്യമായി മരുന്നു വാങ്ങിപ്പിച്ച് ജീവനക്കാര്‍. കഴിഞ്ഞ ദിവസം ഇങ്ങനെ മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിപ്പിച്ച ഒരു താത്ക്കാലിക ജിവനക്കാരനെ രോഗിയുടെ പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സസ്പെന്‍റ് ചെയ്തു. ആശുപത്രി സൂപ്രണ്ടിന് ലഭിച്ച പരാതിയില്‍ ആർ എം ഒ ഡോ ആർ പി രഞ്ചിന്‍റെ അന്വേഷണത്തെ തുടർന്നാണ് നടപടി.
ഹെർണിയ ശസ്ത്രക്രീയക്ക് വിധേയമായ അതിരമ്പുഴ സ്വദേശി ജസ്റ്റിൻ മാത്യുവായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 23ന് ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ജസ്റ്റിൻ മാത്യു 27 നാണ് ശസ്ത്രക്രീയക്ക് വിധേയമായത്. രാവിലെ 7.30 ന് രോഗിയെ തീയറ്ററിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്ക് ശേഷം തീയറ്ററിലെ ഒരു ജീവനക്കാരനെത്തി രോഗിയുടെ കൂട്ടിരിപ്പുകാരെ വിളിച്ച് മരുന്നു വാങ്ങി കൊണ്ടുവരുവാൻ ഒരു കുറിപ്പ് നൽകി. അത് ആർപ്പുക്കര പഞ്ചായത്ത് കോംപ്ലക്‌സിന് സമീപത്ത് പ്രവർത്തിക്കുന്ന സർജിക്കൽ സ്ഥാപനത്തിൽ നിന്ന് തന്നെ വാങ്ങണമെന്ന് പ്രത്യേകം പറയുകയും ചെയ്തു.
7650 രൂപാ വില വരുന്ന ഈ മരുന്ന് രോഗിയുടെ ബന്ധു ജീവനക്കാരന്‍റെ കൈവശം കൊടുത്തു. പിന്നീട് മറ്റൊരു മരുന്നിനുള്ള കുറിപ്പും നൽകി. രണ്ടാമത് നൽകിയ കുറിപ്പുമായി സർജറിക്കൽ കടയിൽ ചെന്നപ്പോൾ അല്പം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് കടയിലെ ജീവനക്കാരൻ പറഞ്ഞു. ഇതനുസരിച്ച് ബന്ധു തിരികെ തിയറ്ററിന് മുന്നിലെത്തിയപ്പോൾ, രോഗിയെ ശസ്ത്രക്രീയ കഴിഞ്ഞ് ജനറൽ സർജറി തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. ശസ്ത്രക്രീയക്ക് ശേഷവും മരുന്ന് വാങ്ങുവാൻ കുറിപ്പ് തന്ന ജീവനക്കാരന്‍റെ നടപടിയിൽ സംശയം തോന്നിയ ബന്ധു, അടുത്ത ദിവസം രോഗിയെ പരിശോധിക്കാനെത്തിയ പ്രധാന ഡോക്ടറോട് വിവരം പറഞ്ഞു.
എന്നാല്‍ താനോ സഹ ഡോക്ടർമാരോ മരുന്നു വാങ്ങുവാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ജീവനക്കാർക്ക് മരുന്ന് കുറിച്ച് നൽകുവാൻ സർജറി വിഭാഗത്തിലെ ഒരു ഡോക്ടർമാരും അനുവാദം നൽകിയിട്ടില്ലെന്നും, അങ്ങനെ നൽകുവാനുള്ള യോഗ്യത ഈ ജീവനക്കാർക്കില്ലെന്നും ഡോക്ടർ അറിയിച്ചു. ജീവനക്കാരൻ കുറിച്ച് നൽകിയ മരുന്ന് ഈ രോഗിക്ക് ആവശ്യമുള്ളതല്ലെന്നും പറഞ്ഞു.
ഇതേ ദിവസം തന്നെ ഈ ജീവനക്കാരൻ അന്ന് ശസ്ത്രക്രീയക്ക് വിധേയരായ മുഴുവൻ രോഗികളുടെ ബന്ധുക്കളെയും കൊണ്ട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മരുന്ന് വാങ്ങിപ്പിച്ചതായി തന്‍റെ ശ്രദ്ധയിൽപ്പെട്ടതായും ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്. മാധ്യമങ്ങളില്‍ വാർത്ത വന്നതിനു പിന്നാലെ പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടിയുണ്ടായത്.
രോഗികളില്‍നിന്നും പണം അടിച്ചുമാറ്റാന്‍ മരുന്നുകടകളും സര്‍ജിക്കല്‍ സ്ഥാപനങ്ങളും വിവിധ കമ്പനികളുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ജീവനക്കാരും വഴിവിട്ട ബന്ധമാണുള്ളതെന്ന് പണ്ടേ പരാതിയുള്ളതാണ്. ഡോക്ടറെ വീട്ടിലെത്തി വേണ്ടപോലെ കണ്ടാല്‍ മാത്രമേ കൃത്യസമയത്ത് പരിശോധനകളും ശസ്ത്രക്രീയകളും നടക്കു എന്ന് ഇവരുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാരും രോഗകളോട് നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസം ഇപ്രകാരം തന്നെ വീട്ടിലെത്തി കണ്ട രോഗിയ്ക്ക് ശസ്ത്രക്രീയയ്ക്കുള്ള ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഒരു നീണ്ട ലിസ്റ്റാണ് ഡോക്ടര്‍ നല്‍കിയത്. ഒരു പ്രത്യക സ്ഥാപനത്തില്‍ നിന്ന് തന്നെ ഇവ വാങ്ങണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.