01 August, 2022 04:04:28 PM
നദികൾ കരകവിഞ്ഞു: കൂട്ടിക്കലിൽ ഒരാൾ ഒഴുക്കിൽപെട്ടു; പാലങ്ങളും റോഡുകളും വെള്ളത്തിനടിയിൽ
കോട്ടയം: കോട്ടയത്തെ മലയോര മേഖലയിൽ കനത്ത മഴയിലും, ഉരുൾ പൊട്ടലിലും തുടർന്ന് മീനച്ചിലാർ കരകവിഞ്ഞു. പാലാ ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഈരാറ്റുപേട്ടയിലെ കടകളിൽ വെള്ളം കയറി. വാകക്കാട് മേഖലയിൽ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകി. മൂന്നിലവിൽ വെള്ളം കയറി.
മണിമലയാറ്റിൽ ജലനിരപ്പുയർന്നതോടെ മുണ്ടക്കയം കോസ് വേയിൽ വെള്ളം കയറി. പുല്ലകയാറിന് കുറുകെയുള്ള കൂട്ടിക്കൽ ചപ്പാത്തും വെള്ളത്തിനടിയിലായി. കൂട്ടിക്കൽ ചപ്പാത്തിൽ ഒരാൾ ഒഴുക്കിൽ പെട്ടു. കൂട്ടിക്കൽ സ്വദേശിയായ റിയാസ് എന്ന യുവാവാണ് കാൽ വഴുതി ആറ്റിൽ വീണത്. റിയാസ് ചുമട്ടു തൊഴിലാളിയാണ്. ദേഹത്തു കയർ കെട്ടി ഒഴുക്കിൽ നിന്ന് സാധനങ്ങൾ എടുക്കുന്നത്തിനിടെയായിരുന്നു അപകടം.
കോട്ടയം ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ, മേലുകാവ് വില്ലേജിൽ കോലാനി പെന്തകോസ്ത് മിഷൻ പള്ളി ഓഡിറ്റോറിയം എന്നിവയാണ് ക്യാമ്പുകൾ. 10 കുടുംബങ്ങളിലായി 36 പേർ ക്യാമ്പിലുണ്ട്.
മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് - 2 മേലുകാവ് - 2 തലനാട് -1, ഈരാറ്റുപേട്ട - 40, പൂഞ്ഞാർ നടുഭാഗം - 1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കുമാണ് ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.