30 July, 2022 09:25:13 AM


"24 മണിക്കൂർ തരും, അല്ലെങ്കിൽ കൈകാര്യം ചെയ്യാനറിയാം.."; പോലീസിനോട് സി.പി.എം നേതാവ്

- സുനിൽ പാലാ



പാലാ: രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീടാക്രമിച്ച കേസില്‍ രാമപുരം പോലീസ് ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തതിനെതിരെ പൊട്ടിത്തെറിച്ച് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്ജ്. വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് രാമപുരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സി.പി.എം. നേതാവ് പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അഴിച്ചുവിട്ടത്. 

സമ്മേളന സ്ഥലത്ത് നിലയുറപ്പിച്ച നാൽപ്പതോളം  പോലീസ് ഉദ്യോഗസ്ഥരെ നോക്കി ലാലിച്ചൻ പറഞ്ഞു. ''തൊപ്പിയിട്ട് എന്തിനാണിങ്ങനെ നിൽക്കുന്നത്. പ്രതികള്‍ നാട്ടില്‍കൂടി വിലസുകയാണ്. വീട് തകര്‍ത്തതിന് പെറ്റികേസ് മാത്രമെടുത്ത രാമപുരത്തെയും പാലായിലെയും പോലീസ് ഉദ്യോഗസ്ഥര്‍ ഒന്നോര്‍ക്കണം. ഇവിടം ഭരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടാവുന്ന നിസാര വകുപ്പിട്ട് അക്രമികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമന്ന് ഞങ്ങള്‍ക്കറിയാം''. 

" ഈഴവ സമുദായത്തിൽപ്പെട്ട ഷൈനിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പരസ്യമായി അസഭ്യം പറയുകയും കായികമായി ആക്രമിക്കാന്‍ ശ്രമിക്കുകയും വീട് എറിഞ്ഞു തകര്‍ക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെ 452-ാം വകുപ്പ് പ്രകാരം കേസെടുത്തേ തീരു. ഇതിനു പകരം അക്രമികളെ സഹായിക്കുന്ന നിലപാടാണിപ്പോള്‍ പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഇവിടുത്തെ പ്രമാണിമാരുടെ കാശും മേടിച്ച് അക്രമികളെ സഹായിക്കാമെന്നാണ് നിങ്ങളുടെയൊക്കെ വിചാരമെങ്കില്‍ അതിവിടെ ചെലവാകില്ല. നീതിയുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. പക്ഷേ ഇതുപോലുള്ള ചിലരുമുണ്ട്. ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ല."

"പോലീസ് നായയെയും വിരലടയാള വിദഗ്ധരെയുമൊക്കെ കൊണ്ടുവന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ പിന്നെ എന്തുവേണമെന്ന് ഇവിടുത്തെ ഇടതു മുന്നണി നേതാക്കള്‍ക്കറിയാം." രോഷത്തോടെ ലാലിച്ചന്‍ ജോര്‍ജ്ജ് പറഞ്ഞു. കോട്ടയം എസ്. പി. ഉൾപ്പെടെയുള്ളവർ അടിയന്തിരമായി കേസ്സിൽ ഇടപെടണമെന്നും ലാലിച്ചൻ ജോർജ് ആവശ്യപ്പെട്ടു.

ഷൈനി സന്തോഷിനെ അസഭ്യം വിളിച്ചതായി പരാതി ഉയർന്ന കോൺഗ്രസ്സിലെ ചില മെമ്പർമാർക്കെതിരെയും ലാലിച്ചൻ രൂക്ഷ വിമർശനം അഴിച്ചുവിട്ടു; "ദുർബലമായ വകുപ്പിട്ടതിനാൽ പോലീസ് സ്റ്റേഷനിൽ ചെന്ന് ചായയും കുടിച്ച് ഇറങ്ങി രാമപുരം ടൗണിലൂടെ ഖദറുമിട്ട് ഞെളിഞ്ഞു നടക്കാമെന്ന് കരുതേണ്ട. നിന്നെയൊക്കെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഞങ്ങൾക്കറിയാം." 

"കേസ്സിൽ ദുർബലമായ വകുപ്പിട്ട പോലീസ് ഉദ്യോഗസ്ഥർ ഓർമ്മിച്ചോളൂ, തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിലൂടെ വളർന്ന സഖാവ് പിണറായി വിജയൻ , ചെത്തുകാരൻ്റെ മകൻ,  നയിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. അക്രമികളെ വെച്ചു പൊറുപ്പിക്കില്ലെന്ന സർക്കാർ നയത്തിനെതിരെ  നിലകൊള്ളുന്ന പോലീസുകാർക്കും ബുദ്ധിമുട്ടേണ്ടി വരും." - ലാലിച്ചൻ മുന്നറിയിപ്പ് നൽകി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K