24 July, 2022 11:43:05 AM


ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്തെ മാലിന്യം; പരാതിയും വാര്‍ത്തയും ഫലം കണ്ടു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു. ക്ഷേത്രമൈതാനം കുറ്റികാടും മാലിന്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിനെതിരെ മുന്‍ ഉപദേശകസമിതി ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് അധികൃതരുടെ അടിയന്തിര ഇടപെടല്‍ ഉണ്ടായത്. ഇന്നലെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.


കാടുകയറിയ മൈതാനത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് അഴുകിയത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് കാട്ടി മുന്‍ ഉപദേശകസമിതി അംഗം കെ.എസ് രഘുനാഥന്‍ നായരാണ് ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കിയത്. മൈതാനം വൃത്തിയാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ മുന്ന് താല്ക്കാലിക ജീവനക്കാര്‍ ഉണ്ടെങ്കിലും പ്രയോജനമില്ല എന്ന് ഇദ്ദേഹം പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകളും ഇവരില്‍ ഒരാളുടെ ഭര്‍ത്താവുമാണ് ഈ ജീവനക്കാര്‍. സ്കാവഞ്ചര്‍ ആയി നിയമിക്കപ്പെട്ടിരിക്കുന്നയാള്‍ സോപാനത്തില്‍ വഴിപാട് രസീത് എഴുതുന്നതും കൊടിമരചുവട്ടിലും മറ്റും ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതുമായ ജോലികളിലാണ് വ്യാപൃതനായിരിക്കുന്നതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.


കോവിഡ് കാലത്തിനുശേഷം ക്ഷേത്രത്തില്‍ ധാരാളം ഭക്തര്‍ എത്തുന്ന സമയമാണിത്. രാമായണമാസവും നാലമ്പലദര്‍ശനവും ശബരിമല തീര്‍ത്ഥാടനവുമെല്ലാം ഭക്തരുടെ തിരക്ക് കൂട്ടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ക്ഷേത്രമൈതാനവും പരിസരവും വൃത്തിഹീനമായി കിടക്കുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്ഷേത്രം അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് രഘുനാഥന്‍ നായര്‍ പരാതി നല്‍കിയത്.


യാചകനിരോധിതമേഖലയായ മൈതാനത്ത് യാചകരെയും ലോട്ടറി വില്‍പ്പനക്കാരെയും മുട്ടിയിട്ട് നടക്കാന്‍ പറ്റുന്നില്ലെന്നും ദേവസ്വം അധികൃതര്‍ കണ്ണടക്കുകയുമാണെന്നാണ് ആരോപണം. യാചകര്‍ തമ്മില്‍ ഭിക്ഷാടനത്തിന്‍റെ കാര്യത്തില്‍ മൈതാനത്ത് വഴക്കുണ്ടാക്കുന്നതും മദ്യപിച്ചെത്തി അസഭ്യവാക്കുകള്‍ ചൊരിയുന്നതും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മൈതാനത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ദേവസ്വം പിന്‍വലിച്ചതോടെ ഇത്തരം പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലാതായി. ക്ഷേത്രമൈതാനത്തെ ക്രമസമാധാനപ്രശ്നങ്ങളില്‍ പോലീസും ഇടപെടാന്‍ തയ്യാറല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K