20 July, 2022 07:45:32 PM


ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത് മാലിന്യകൂമ്പാരം; പരാതിയുമായി മുന്‍ ഉപദേശകസമിതി അംഗം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനം വൃത്തിഹീനമായി കിടക്കുന്നതിനെതിരെ പരാതിയുമായി മുന്‍ ഉപദേശകസമിതി അംഗം രംഗത്ത്. കാടുകയറിയ മൈതാനത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ട് അഴുകിയത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് കാട്ടി മുന്‍ ഉപദേശകസമിതി അംഗം കെ.എസ് രഘുനാഥന്‍ നായരാണ് ദേവസ്വം അധികൃതര്‍ക്ക് പരാതി നല്‍കിയത്.

മൈതാനം വൃത്തിയാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴില്‍ മുന്ന് താല്ക്കാലിക ജീവനക്കാര്‍ ഉണ്ടെങ്കിലും പ്രയോജനമില്ല എന്ന് ഇദ്ദേഹം പരാതിയില്‍ ചൂണ്ടികാട്ടുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകളും ഇവരില്‍ ഒരാളുടെ ഭര്‍ത്താവുമാണ് ഈ ജീവനക്കാര്‍. സ്കാവഞ്ചര്‍ ആയി നിയമിക്കപ്പെട്ടിരിക്കുന്നയാള്‍ സോപാനത്തില്‍ വഴിപാട് രസീത് എഴുതുന്നതും കൊടിമരചുവട്ടിലും മറ്റും ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതുമായ ജോലികളിലാണ് വ്യാപൃതനായിരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു.



കോവിഡ് കാലത്തിനുശേഷം ക്ഷേത്രത്തില്‍ ധാരാളം ഭക്തര്‍ എത്തുന്ന സമയമാണിത്. രാമായണമാസവും നാലമ്പലദര്‍ശനവും ശബരിമല തീര്‍ത്ഥാടനവുമെല്ലാം ഭക്തരുടെ തിരക്ക് കൂട്ടുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ക്ഷേത്രമൈതാനവും പരിസരവും വൃത്തിഹീനമായി കിടക്കുന്നതെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. യാചകനിരോധിതമേഖലയായ മൈതാനത്ത് യാചകരെയും ലോട്ടറി വില്‍പ്പനക്കാരെയും മുട്ടിയിട്ട് നടക്കാന്‍ പറ്റുന്നില്ലെന്നും ദേവസ്വം അധികൃതര്‍ കണ്ണടക്കുകയുമാണെന്നാണ് ആരോപണം.

യാചകര്‍ തമ്മില്‍ ഭിക്ഷാടനത്തിന്‍റെ കാര്യത്തില്‍ മൈതാനത്ത് വഴക്കുണ്ടാക്കുന്നതും മദ്യപിച്ചെത്തി അസഭ്യവാക്കുകള്‍ ചൊരിയുന്നതും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മൈതാനത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ ദേവസ്വം പിന്‍വലിച്ചതോടെ ഇത്തരം പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലാതായി. ക്ഷേത്രമൈതാനത്തെ ക്രമസമാധാനപ്രശ്നങ്ങളില്‍ പോലീസും ഇടപെടാന്‍ തയ്യാറല്ല.

താത്ക്കാലികജീവനക്കാരെ ഉപയോഗിച്ച് മൈതാനം വൃത്തിയും ശുചിയുമായി സൂക്ഷിക്കാനും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കാനും അടിയന്തിരനടപടി  സ്വീകരിക്കണമെന്ന് രഘുനാഥന്‍നായര്‍ ക്ഷേത്രം അഡിമിനിസ്ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K