20 July, 2022 06:14:21 PM


കോട്ടയം നഗരത്തിൽ മാധ്യമ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ആക്രമണം; പ്രതികള്‍ പിടിയില്‍



കോട്ടയം: കോട്ടയത്ത് പട്ടാപ്പകൽ മാധ്യമസംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി. നഗരത്തിൽ സിമന്‍റ് കവലയിൽ വെച്ചാണ് ഉച്ചയ്ക്ക് 12:30 യോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് ഷൂട്ടിനു പോയ 24 വാർത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്. എംസി റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ ഇടവഴിയിൽ നിന്ന് കയറിവന്ന സംഘം മാധ്യമ പ്രവർത്തകർ വന്ന വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചതോടെയാണ്  സംഭവങ്ങൾക്ക് തുടക്കം. 


മാധ്യമപ്രവർത്തകരുടെ സംഘം മുന്നോട്ടു പോയപ്പോൾ വീണ്ടും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിക്രമം നടത്താൻ ശ്രമിച്ചു. ഇതോടെ റിപ്പോർട്ടർ മനീഷ് പുറത്തിറങ്ങി ചോദ്യം ചെയ്യാൻ തയ്യാറായി. ഇതിനിടെയാണ് മാധ്യമപ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് കൊറോള കാറിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.  കൊന്നുകളയും എന്ന ഭീഷണിയുമായാണ് രണ്ടംഗസംഘം മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ചത്. തോക്ക് കണ്ടതോടെ കാറിൽ കയറി രക്ഷപ്പെടാനുള്ള നീക്കമാണ് മാധ്യമപ്രവർത്തകരുടെ സംഘം നടത്തിയത്. ഇതിനുശേഷവും വാഹനം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.


അക്രമികളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട്  മാറിയ ശേഷം ചിങ്ങവനം പോലീസിൽ വിളിച്ച് വിവരം അറിയിച്ചു. സിമന്‍റ് കവല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടംഗ അക്രമി സംഘത്തെ കുറിച്ചുള്ള നിർണായക വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ നാട്ടകം പഞ്ചായത്ത് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കാർ കണ്ടെത്തി. തുടർന്ന് ചിങ്ങവനം സിഐ ജിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. 


കോട്ടയം ചെട്ടികുന്ന് ജിതിൻ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന തോക്കിനെ കുറിച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.  തോക്ക് വ്യാജമാണോ എന്ന് സംശയിക്കുന്നതായി  പോലീസ് വ്യക്തമാക്കി. വ്യാജ തോക്ക് ആണെങ്കിലും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത്  ക്രിമിനൽ കുറ്റം ആണെന്ന് പോലീസ് പറഞ്ഞു.


സ്വന്തം വീട് ആക്രമിച്ചതിന് പിതാവ് നൽകിയ പരാതിയില്‍ പ്രതിയാണ് ജിതിൻ സുരേഷ്. കൊല്ലം സ്വദേശിയായ അജേഷിനെതിരെ കേസ് ഉണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. നാട്ടകം മേഖലയിൽ ഇവർ മുൻപും തോക്ക് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതായി പോലീസിന് വിവരം ലഭിച്ചു. അക്രമികൾ സഞ്ചരിച്ച വാഹനത്തിൽ ഒരു നായയും ഉണ്ടായിരുന്നു. സിനിമാ സ്റ്റൈലിൽ ആണ് പ്രതികൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് എന്ന്   മാധ്യമപ്രവർത്തകർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K