19 July, 2022 07:07:53 PM
'എന്‍റെ തൊഴിൽ എന്റെ അഭിമാനം' രണ്ടാംഘട്ട കാമ്പയിൻ; കോട്ടയം ജില്ലാതല പരിശീലനത്തിന് തുടക്കം
കോട്ടയം: തൊഴിൽരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുൻനിർത്തി കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അരുൺ പ്രഭാകർ അധ്യക്ഷത വഹിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ സി. മധുസൂദനൻ പദ്ധതി വിശദീകരിച്ചു.
കുടുംബശ്രീ പ്രവർത്തകരിൽ നിന്നു തിരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകർക്ക് സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. 2026 നുള്ളിൽ 20 ലക്ഷം പേർക്ക് വിജ്ഞാന മേഖലയിൽ തൊഴിൽ നൽകുക എന്ന സർക്കാർ ലക്ഷ്യം സാധ്യമാക്കാൻ കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരിൽ പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഇതുവഴി പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് ആദ്യഘട്ടത്തിൽ 21 നും 40 വയസിനും ഇടയിൽ പ്രായമുള്ള ഡിഗ്രി, പോളിടെക്നിക്, ഐ.ടി. ഐ യോഗ്യതയുള്ള അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ലക്ഷ്യം.
രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം തൊഴിൽ അന്വേഷകരുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങളും മറ്റും ഉൾപ്പെടുത്താനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായ തൊഴിൽ ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. 25 ലക്ഷം പേർ കാമ്പയിനിലൂടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുമെന്നാണ് മിഷന്റെ പ്രതീക്ഷ. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ, ജില്ലാ പ്രോഗ്രാം മാനേജർ ബിനീഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.