13 July, 2022 07:53:55 AM


ഏറ്റുമാനൂരിൽ തെരുവുനായ് ശല്യം നിയന്ത്രിക്കാൻ നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുന്നു



ഏറ്റുമാനൂർ: തെരുവുനായ്ക്കളെ ഓടിച്ചിട്ടു പിടിച്ചു കെണിയിലാക്കി കൊല്ലുന്ന രീതിക്കു പകരം , നായ്ക്കളെ നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കാൻ ഏറ്റുമാനൂർ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നിരത്തിൽ അലയുന്ന നായ്ക്കളെ പിടിച്ച് എബിസി കേന്ദ്രത്തിലെത്തിച്ചു വന്ധ്യംകരണം നടത്തി 3 ദിവസം നിരീക്ഷണത്തിൽ കിടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടുപോയി വിടുന്നതാണു പദ്ധതി.


ഘട്ടം ഘട്ടമായി തെരുവുനായ്ക്കളെ ഇല്ലാതാക്കാമെന്ന പ്രതീക്ഷയാണുള്ളത് . നായ്ക്കളെ പിടികൂടി കൊല്ലുന്നതു നിയമവിരുദ്ധമായതിനാൽ കുറെ നാൾ നഗരസഭ ഇക്കാര്യത്തിൽ പ്രതിസന്ധിയിലായിരുന്നു. ഇവയുടെ എണ്ണം പെരുകിയതോടെയാണു എബിസി) പദ്ധതിയെ കുറിച്ച് നഗരസഭ ആലോചിച്ചത്. കഴിഞ്ഞ ദിവസം പേരൂരിൽ യുവതിക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.


വന്ധ്യംകരണമെന്ന ആശയം 2017-18 ലാണ് സംസ്ഥാനത്ത് ഉടലെടുത്തത്. തെരുവുനായ്ക്കളോടു മൃദുസമീപനമെന്നതാണ് എബിസി പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. കുടുംബശ്രീ മുൻകയ്യെടുത്ത് അയൽക്കൂട്ടങ്ങളിൽ നിന്നു തിരഞ്ഞെടുത്ത വനിതകൾക്കു പരി ശീലനം നൽകിയാണ് എബിസി പദ്ധതിക്കു രൂപം നൽകിയത്. ഇപ്പോൾ ഏറ്റുമാനൂരിൽ കുടുംബശ്രീയുടെ സഹകരണം ഇല്ലാതെയാണു പദ്ധതി നടപ്പാക്കുന്നത്. നഗരസഭ നിർദേശിക്കുന്ന കേന്ദ്രങ്ങളിലാണു നായ്പിടിത്ത സംഘം എത്തുന്നത് .


പലവിധ തന്ത്രങ്ങൾ പ്രയോഗിച്ചു നായ്ക്കളെ വലയിലാക്കും . പരിപാലന കേന്ദ്രത്തിൽ എത്തിച്ചശേഷം വേറെ അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയാണു വന്ധ്യംകരണ ശസ്ത്രക്രിയാ മുറിയിലേക്കു മാറ്റുന്നത്. മരുന്നു കുത്തിവച്ചു ബോധം കെടുത്തിയ ശേഷമാണു ശസ്ത്രക്രിയ . നായ്ക്കളെ വാഹനത്തിൽ കയറ്റി പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുപോയി തുറന്നുവിടും . ഓരോ യൂണിറ്റിലും ഒരു വെറ്ററിനറി ഡോക്ടർ , 2 പാരാമെഡിക്കൽ ജീവനക്കാർ , 2 നായ്പിടിത്ത അറ്റൻഡർമാർ എന്നിവരടങ്ങുന്ന സമിതി വേണമെന്നാണ് ആലോചന . സ്വകാര്യ വെറ്ററിനറി ഡോക്ടർമാരുടെ പാനൽ തയാറാക്കിയിട്ടുണ്ട് . ഒരു നായയുടെ വന്ധ്യംകരണത്തിന്  2,500 രൂപയാണ് ചെലവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K