10 July, 2022 11:41:56 AM


അരനൂറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും ഒത്തുകൂടി; മലയാള മധുരം നുണഞ്ഞ്...

- സുനിൽ പാലാ



പാലാ : അരനൂറ്റാണ്ടിന് ശേഷം അവര്‍ വീണ്ടും  കണ്ടുമുട്ടിയപ്പോള്‍ സന്തോഷം അലയടിച്ചു. പ്രായത്തിന്റെ വരകുറികള്‍ വീണ മുഖങ്ങളില്‍ പഴയ ''കൂട്ടുകാരുടെ'' കളിചിരികള്‍... തമാശകള്‍... പിന്നെയല്‍പ്പം വീട്ടുകാര്യവും. 50 വര്‍ഷം മുമ്പ് പാലാ സെന്റ് ജോസഫ്‌സ് കോളേജില്‍ മലയാളം വിദ്വാന്‍ പഠിച്ച് പിന്നീട് ജീവിതത്തിന്റെ പല വഴികളിലേക്ക് നടന്നുകയറിപ്പോയ നാല്‍പതോളം സഹപാഠികളാണ് ഇന്നലെ പാലായില്‍ ഒത്തുകൂടിയത്. 

ഇവരില്‍ മലയാളം വിദ്വാനൊപ്പം ഹിന്ദി വിദ്വാനും സംസ്‌കൃതം വിദ്വാന്‍ പരീക്ഷയുമൊക്കെ പാസായവരും ഉണ്ടായിരുന്നു. എല്ലാവരും അധ്യാപന ജോലിയില്‍ പ്രവേശിച്ചു എന്നതാണ് ഈ കൂട്ടുകാരുടെ ഏറ്റവും വലിയ പ്രത്യേകത. അധ്യാപന സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന ഇവരിലേറെപേരും 75 പിന്നിട്ടവരാണ്. അന്ന് 55 പേരുണ്ടായിരുന്ന ബാച്ചില്‍ നാൽപ്പതിൽ പരം പേരാണ് ഒത്തുചേർന്നത്. ആറുപേര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. രണ്ട് പേര്‍ ശയ്യാവലംബികളായി. കുറച്ചുപേര്‍ക്ക് ഈ വിദ്വാന്‍സംഗമത്തില്‍ പങ്കെടുക്കുന്നതിന് വരാനുമായില്ല. എങ്കിലും വീഡിയോ കോളിലൂടെ അവരും സമ്മേളന ദൃശ്യങ്ങള്‍ തത്സമയം കണ്ടു. 

''ടൗണിന്റെ ഹൃദയഭാഗത്തുള്ള സെന്റ് ജോസഫ്‌സ് കോളേജിലെ കുടുസുമുറിയില്‍, വഴിയില്‍ നിന്നടിക്കുന്ന മൂത്രമണവും സഹിച്ച് നമ്മള്‍ പഠിച്ചതോര്‍ക്കുന്നില്ലേ...?'' സംഗമം ഉദ്ഘാടനം ചെയ്ത ഈ കൂട്ടായ്മയിലെ മുതിര്‍ന്ന അംഗവും സംസ്ഥാന ഭാഷാ  നവീകരണ സമിതി അംഗവും കൂടിയായ സാഹിത്യകാരന്‍ ചാക്കോ സി. പൊരിയത്ത് ചോദിച്ചപ്പോള്‍ "എന്റെ പൊന്നേ അതൊക്കെ മറക്കാന്‍ പറ്റുമോ..." എന്ന് സദസ്സില്‍ നിന്ന് വിളിച്ചു ചോദിച്ചു. റിട്ട. അധ്യാപിക രമാദേവി അന്തര്‍ജ്ജനവും പ്രമുഖ സാഹിത്യകാരന്‍ ആര്‍.കെ. വള്ളിച്ചിറയും. ഒപ്പം ചേർന്ന് പഴയ കൂട്ടുകാരുടെ നിലയ്ക്കാത്ത ചിരിയും കൈയ്യടിയും.

മലയാളം വിദ്വാന്‍ കഴിഞ്ഞ് ഹൈസ്‌കൂള്‍ മുതല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം വരെ അലങ്കരിച്ച പി.ആര്‍. സുകുമാരന്‍ പെരുമ്പ്രായില്‍, സാഹിത്യകാരന്‍ എം.കെ.എസ്. പാലക്കാട്ടുമല, രമാദേവി അന്തർജ്ജനം ഏഴാച്ചേരി ,  പി.ജെ. എബ്രാഹാം, വി.എം. തോമസ്, കെ.എം. തോമസ്, ഡോ. അഗസ്റ്റ്യന്‍ മേലേട്ട്, മൂന്നിലവ് കെ.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ കൂട്ടുകാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിൽ ടി.പി. ജോസഫ് കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു. 

കവിതയും പാട്ടും കുശലം പറച്ചിലും ഗ്രൂപ്പ് ഫോട്ടോ എടുക്കലുമൊക്കെയായി രണ്ടുമണിക്കൂറോളം ചെലവഴിച്ചശേഷം സ്‌നേഹസദ്യയും കഴിച്ചാണ് കൂട്ടുകാര്‍ പിരിഞ്ഞത്.  അടുത്തവര്‍ഷം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ യാത്ര പറയുമ്പോള്‍ എല്ലാവരുടേയും കണ്ണുകളില്‍ സന്തോഷാശ്രുക്കളുടെ നിറവ്. സംഗമത്തില്‍ ഇരുപതോളം റിട്ട. അധ്യാപികമാരും പങ്കെടുത്തു. സാഹിത്യകാരന്‍ ആര്‍.കെ. വള്ളിച്ചിറ, ടി.പി. ജോസഫ് കണ്ണൂര്‍, എം.കെ.എസ്. പാലക്കാട്ടുമല, രമാദേവി അന്തർജ്ജനം ഏഴാച്ചേരി തുടങ്ങിയവരാണ് സംഗമ സംഘാടനത്തിന് നേതൃത്വം നല്‍കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K