08 July, 2022 02:06:45 PM
തട്ടുകട മാലിന്യം: പാലായില്‍ വീട്ടമ്മ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പാലാ: ഞൊണ്ടിമാക്കൽ കവലയിൽ തട്ടുകട മാലിന്യം മൂലം ജീവിതം ദുസ്സഹമായ വീട്ടമ്മ നീതി തേടി പാലാ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. തോണിക്കുഴി പറമ്പിൽ സോണിയയും കുടുംബവുമാണ് തങ്ങളുടെ വീട്ടുമുറ്റത്തേയ്ക്ക് മലിനജലം ഒഴുകിയെത്തുന്ന പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ ഉപരോധം ഏര്‍പെടുത്തി വിജയം കണ്ടത്. സമരത്തിനൊടുവില്‍ പത്തു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് പാലാ നഗരസഭാ സെക്രട്ടറിയുടെ ഉറപ്പ് ലഭിക്കുകയായിരുന്നു.
ഇതിനിടെ സമരത്തിന് പിന്തുണയുമായി യുഡിഎഫ് കൗൺസിലർമാരും രംഗത്തെത്തി. മലിനീകരണത്തിനെതിരെ നടപടിയെടുത്തുവെന്ന നഗരസഭയുടെ വാദം തെറ്റാണെന്നും, കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണെന്നും ദുരിതബാധിത കുടുംബം പറയുന്നു. പൊലീസെത്തിയാണ് സമരക്കാരെ നീക്കം ചെയ്തത്. ഉപരോധസമരം നടത്തിയ സോണിയയുടെയും കുടുംബാംഗങ്ങളുടെയും പ്രതിപക്ഷ കൗൺസിലർമാരുടെയും സ്ഥലത്തെത്തിയ പാലാ പോലീസിന്‍റെയും സാന്നിദ്ധ്യത്തിലാണ് സെക്രട്ടറി ഉറപ്പു നൽകിയത്. നഗരസഭാ ചെയർമാനെ ചേംബറിൽ ഉപരോധിക്കാനെത്തിയ സമരക്കാർ അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനെ തുടർന്നാണ് സെക്രട്ടറിയെ ഓഫീസിൽ ഉപരോധിച്ചത്.