08 July, 2022 01:19:03 PM


പ്ലസ് ടു വിജയികള്‍ക്ക് പേരില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയ കോട്ടയം ജില്ലാ പഞ്ചായത്ത് വിവദത്തില്‍

- സുനില്‍ പാലാ



കോട്ടയം: പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അപമാനിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അധികാരികള്‍. മന്ത്രിയും എംഎല്‍എയും പങ്കെടുത്ത ചടങ്ങില്‍ കുട്ടികളുടെ പേരുപോലും എഴുതാതെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിവാദമായിരിക്കുകയാണ്. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പേരുപോലും എഴുതാത്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കയ്യില്‍ സൂക്ഷിച്ചിട്ട് എന്ത് കാട്ടാനാണ് എന്നാണ് രക്ഷിതാക്കളുടെ ചോദ്യം.


കഴിഞ്ഞ ദിവസമാണ് കോട്ടയം ജില്ലയില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോട്ടയത്ത് വിളിച്ചുവരുത്തി ജില്ലാ പഞ്ചായത്ത് അധികാരികള്‍ അനുമോദിച്ചത്. വേണമെങ്കില്‍ ആ മൂലയ്ക്കുനിന്നും എടുത്തോ എന്ന രീതിയിലാണ് കുട്ടികള്‍ക്ക് അവരുടെ പേരോ സ്കൂളിന്‍റെ വിവരങ്ങളോ രേഖപ്പെടുത്താതെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്നും ആരോപണമുയര്‍ന്നു.

 
കോട്ടയം ജില്ലാ പഞ്ചായത്തും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സഹകരിച്ച് നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചാണ് വിവാദം. കോട്ടയം എം.ഡി. സെമിനാരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ മന്ത്രിയും എം.എല്‍.എ.യുമൊക്കെ വിശിഷ്ടാതിഥികളായി ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി ആയിരുന്നു അദ്ധ്യക്ഷ. എന്നാല്‍ പലര്‍ക്കും കിട്ടിയ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികളുടെ പേര് എഴുതിയിട്ടേയില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മിയുടെയും ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് ഡയറക്ടറുടെയും ഒപ്പുകള്‍ മാത്രം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായാണ് വിദ്യര്‍ത്ഥികള്‍ മടങ്ങിയത്.


ജില്ലാ പഞ്ചായത്ത് അധികാരികള്‍ സ്‌കൂളുകളിലേക്ക് അയച്ച സര്‍ക്കുലര്‍പ്രകാരമാണ് എ പ്ലസ് നേടിയ എല്ലാ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സമ്മേളന സ്ഥലത്ത് ഒരു മൂലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിവച്ചശേഷം വിദ്യാര്‍ത്ഥികളോട് അതിലോരോന്ന് എടുത്തുകൊണ്ട് പൊയ്‌ക്കൊള്ളാന്‍ അധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് പറഞ്ഞു.


''ഇത് മികച്ച വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി അപമാനിച്ച സംഭവമായിപ്പോയി. വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് അധികാരികള്‍ പരിഗണിച്ചില്ലെങ്കിലും കുഴപ്പമില്ലായിരുന്നു, ഇങ്ങനെ വിളിച്ചുവരുത്തി അപമാനിക്കരുതായിരുന്നു'' അദ്ധ്യാപകന്‍ കൂടിയായ ഒരു രക്ഷകര്‍ത്താവ് പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മാതാപിതാക്കള്‍.  


അതേസമയം, മിക്ക കുട്ടികളുടെയും സര്‍ട്ടിഫിക്കറ്റുകളില്‍ പേര് എഴുതിയിരുന്നുവെന്നും പേര് എഴുതാത്ത കുറച്ചു സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനടുത്തു വച്ചിരുന്നത് എടുത്തു കൊടുത്തവര്‍ക്ക് മാറിപ്പോയതാണ് പ്രശ്‌നമായതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി പറഞ്ഞു. പേരേഴുതാതെ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച മുഴുവന്‍ കുട്ടികള്‍ക്കും പേരെഴുതിയ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും അവര്‍ അറിയിച്ചു. ,  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K