07 July, 2022 03:25:36 PM
ഫോറൻസിക് വിദഗ്ധൻ എത്തി; ഇനി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താം
- സുനിൽ പാലാ
പാലാ : പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം കൂടി ആരംഭിച്ചു. പുതിയ വിഭാഗത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിലെ ഫോറൻസിക് വിദഗ്ധനായ ഡോ.സെബിൻ.കെ. സിറിയക് ഇവിടെ ചുമതലയേറ്റു. ഫോറൻസിക് വിഭാഗത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യതയുള്ള പരിചയസമ്പന്നനായ ഡോക്ടറാണ് ഡോ.സുബിൻ.
പ്രത്യേകം ഓഫീസും ഉപകരണങ്ങളും ക്രമീകരണങ്ങളും ഇതിനായി സജ്ജീകരിച്ചതായി നഗരസഭാ ചെയർമാൻ പറഞ്ഞു. ജൂലൈ 11 മുതൽ ഫോറൻസിക് വിഭാഗം ഇവിടെ പ്രവർത്തിച്ചു തുടങ്ങും.രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയായിരിക്കും പ്രവർത്തന സമയം. പോലീസ് ഫോറൻസിക് സർജൻ നേരിട്ട് ചെയ്യേണ്ടതല്ലാത്ത എല്ലാ പോസ്റ്റ്മോർട്ടം കേസുകളും ഇവിടെ നടത്തുവാൻ ഇനി കഴിയും.
ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 14 വർഷം ഈ വിഭാഗം പ്രവർത്തിച്ചിരുന്നില്ല. പുതിയ നഗരസഭാ ഭരണ സമിതിയുടേയും, ആശുപത്രി മാനേജിംഗ് കമ്മിറ്റിയുടേയും തുടർച്ചയായ ഇടപെടലുകൾ വഴിയാണ് പാലായിൽ പോസ്റ്റ്മോർട്ടം ആരംഭിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ക്രമീകരണം ഉണ്ടാക്കുമെന്നും ഡോക്ടറെ നിയമിക്കുമെന്നും ആരോഗ്യ വകുപ്പുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയ ജോസ്.കെ.മാണി എം.പിയെ അധികൃതർ അറിയിച്ചിരുന്നു.
കെ.എം.മാണി മന്ത്രിയായിരുന്നപ്പോൾ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് ഇവിടെ അനുവദിക്കുകയും ഇതിനായി 78 ലക്ഷം രൂപ ചിലവഴിച്ച് 8 ഫ്രീസർ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും ആരോഗ്യ വകുപ്പിൽ ഫോറൻസിക് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഈ വിഭാഗം പ്രവർത്തനം ആരംഭിക്കാതിരിക്കുകയായിരുന്നു .
ഇതോടെ പോസ്റ്റ് മാർട്ടം പൂർണ്ണമായും ഇവിടെ ഇല്ലാതാവുകയായിരുന്നു. ചെറുതായ കേസുകൾക്ക് പോലും മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വന്നത് വളരെ പ്രതിഷേധത്തിനിടയാക്കി.
മീനച്ചിൽ താലൂക്കിൻ്റെ സമീപ പ്രദേശത്തുള്ളവർക്കും ഈ സൗകര്യം വളരെ പ്രയോജനപ്പെടുമെന്ന് നഗരസഭാ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, കൗൺസിലർ സതി ശശികുമാർ , ജയ്സൺമാന്തോട്ടം, സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ആർ.എം.ഒ.ഡോ.സോളി മാത്യു, ഡോ.അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ അശോക് എന്നിവരും പങ്കെടുത്തു.
ഹൗസ് സർജൻസി ആരംഭിച്ചു;
ആറ് ഡോക്ടർമാർ കൂടി എത്തി
പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് ഹൗസ് സർജൻസി കൂടി ആരംഭിച്ചതായി ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ആറ് ഡോക്ടർമാരുടെ സേവനം കൂടി ഇവിടെ ലഭ്യമായിട്ടുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങളിലായി ഇവരെ വിന്യസിപ്പിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗം ഡോക്ടർമാരും താമസിയാതെ ഹൗസ് സർജൻസിക്കായി ഇവിടെ ലഭ്യമാകും. ഒ. പി. വിഭാഗങ്ങളിലെയും കാഷ്വാലിറ്റിയിലേയും തിരക്ക് കുറയ്ക്കുവാൻ ഇത് വളരെ സഹായകരമായതായി ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലം പറമ്പിൽ ചൂണ്ടിക്കാട്ടി.