07 July, 2022 01:31:17 PM
പാലാ എ.എസ്. പിയ്ക്ക് സ്ഥലം മാറ്റം; ഗിരീഷ് പി. സാരഥി പുതിയ ഡിവൈ.എസ്.പി.
പാലാ: പാലാ എ.എസ്. പി. ആയിരുന്ന നിധിൻ രാജ് ഐ.പി. എസിന് സ്ഥലം മാറ്റം. ഇദ്ദേഹത്തിനു പകരം ഗിരീഷ് പി. സാരഥിയാണ് ഇനി പാലാ സബ് ഡിവിഷന്‍റെ ചുമതല വഹിക്കുക. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി. സ്ഥാനത്തു നിന്നാണ് ഗിരിഷ് .പി. സാരഥി പാലായിലേക്ക് വരുന്നത്. മുൻ പാലാ ഡിവൈ.എസ്. പി. തൊടുപുഴ വിജിലൻസ് ഡിവൈ. എസ്. പി. ആയും ചുമതലയേൽക്കും. ഇപ്പോൾ ഇദ്ദേഹം ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.യാണ്.
മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ പുരസ്‌കാരത്തിന് അർഹനായ ഉദ്യോഗസ്ഥനാണ് ഗിരീഷ് പി സാരഥി. കെവിൻ കേസ് അന്വേഷിച്ച് എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകിയ അന്വേഷണ മികവിനാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 126 ഉദ്യോഗസ്ഥർക്കൊപ്പമാണ് ഗിരീഷ് പി സാരഥിയും പുരസ്‌കാരത്തിന് അർഹനായത്. ഗാന്ധിനഗർ പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചത്.
കോട്ടയം വെസ്റ്റ്, ഈസ്റ്റ് അടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇൻസ്പെക്ടറായി ഗിരീഷ് പി സാരഥി സേവനം അനുഷ്ടിച്ചിരുന്നു. കോട്ടയം, ചങ്ങനാശേരി സബ് ഡിവിഷനുകളിലും കോട്ടയം വിജിലൻസിലും ഡിവൈഎസ്പിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.