02 July, 2022 10:37:27 PM


കോട്ടയം നഗരത്തിൽ വീണ്ടും സ്വർണ്ണവേട്ട: പിടികൂടിയത് രേഖകളില്ലാതെ കടത്തിയ സ്വർണ്ണക്കട്ടികളും ആഭരണങ്ങളും


കോട്ടയം : രേഖകൾ ഒന്നും ഇല്ലാതെ കടത്തി കൊണ്ടു  വന്ന അര കിലോഗ്രാം സ്വർണ്ണക്കട്ടികളും ആഭരണങ്ങളും കോട്ടയം ടൗണിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടി. ജോയിന്റ് കമ്മീഷണർ ഇന്റലിജൻസിന്റെ നിർദ്ദേശപ്രകാരം കോട്ടയം സ്‌ക്വാഡ് നമ്പർ 4 ഉം ആലപ്പുഴ ചെങ്ങന്നൂർ സ്ക്വാഡ് നമ്പർ 2 ഉം സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിപണിയിൽ ഏകദേശം 21ലക്ഷം രൂപ വില മതിക്കുന്ന സ്വർണ്ണം പിടികൂടിയത്. 

കോട്ടയം ടി.ബി.റോഡിലെ തൃശൂർ ഗോൾഡ് എന്ന സ്ഥാപനത്തിൽ നിന്നും കോന്നിയിലെ കടയിലേക്ക് കടത്തിയ സ്വർണ്ണവും വയസ്കരകുന്നിലെ സ്ഥാപനത്തിൽ നിന്ന് സ്വർണ്ണകട്ടിയുമാണ് പിടിച്ചെടുത്തത്. കടകൾക്ക് ആഭരണങ്ങൾ എത്തിക്കുന്ന വ്യാപാരി സ്വർണ്ണവുമായി തൃശൂർ ഗോൾഡിൽ നിന്നുമിറങ്ങവേ പിടിയിലായിരുന്നു. ഇയാൾ രൂപഭേദം വരുത്തുന്നതിനായി വയസ്കരകുന്നിലെ ഹാൾമാർക്കിംഗ് കേന്ദ്രത്തോടുചേർന്നുളള സ്ഥാപനത്തിൽ നൽകിയിരുന്ന സ്വർണ്ണകട്ടിയാണ് പിന്നാലെ നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്.

സെക്ഷൻ 130 പ്രകാരം പെനാൽറ്റിയും ഫൈനും അടക്കം 21 ലക്ഷം രൂപ അടയ്ക്കുവാൻ ഇവർക്ക് നോട്ടീസ് നൽകി. ആഫീസർമാരായ വി.ആർ. മഹേഷിന്റെയും‌ ജെ.ഉദയകുമാറിന്റെയും നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സുരേഷ് ബാബു, ജഗദംബിക, ബിന്ദു, ചിഞ്ചു, രേണു, ഷബ്‌ന, ഡ്രൈവർമാരായ ശ്രീകുമാർ, സജീവ്കുമാർ എന്നിവർ അടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K