21 June, 2022 07:53:20 AM


ഏറ്റുമാനൂര്‍ നഗരസഭയില്‍ വിജിലന്‍സ് പരിശോധന; കയ്യേറ്റം ഇന്ന് വീണ്ടും അളക്കും



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ വിജിലന്‍സ് സംഘം ഇന്നലെ പരിശോധന നടത്തി. നഗരസഭയുടെ സ്ഥലത്തോട് ചേര്‍ന്നുള്ള ഭൂമിയില്‍ അനധികൃതമായി കെട്ടിടനിര്‍മ്മാണം നടത്തിയെന്ന സ്വകാര്യവ്യക്തിയുടെ പരാതിയിലായിരുന്നു പരിശോധന. നഗരസഭാ, വില്ലേജ് രേഖകള്‍ പരിശോധിച്ച സംഘം കയ്യേറ്റം നടന്നതായി കണ്ടെത്തിയതായാണ് സൂചന. അതേസമയം വിവാദഭൂമി താലൂക്ക് അധികൃതരുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും അളക്കും. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് അറിയുന്നത്.


ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ടൗണില്‍ സ്വകാര്യവ്യക്തികള്‍ കൈവശം വെച്ച് അനുഭവിച്ചിരുന്ന സ്ഥലം തിരികെ പിടിച്ചിരുന്നു. നഗരമദ്ധ്യത്തിലെ ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ കയ്യേറിയിരുന്ന സ്ഥലം തിരികെ പിടിച്ച് അതിര്‍ത്തികല്ലുകള്‍ പാകി. അതേസമയം എം.സി.റോഡരികില്‍ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ ഗ്രാമപഞ്ചായത്ത് വക സ്ഥലത്തുള്ളത് മാര്‍ക്ക് ചെയ്തെങ്കിലും പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നില്ല.  നഗരസഭയുടെ നടപടിയ്ക്ക് പിന്നാലെ കെട്ടിടമുടമകള്‍ കോടതിയെ സമീപിക്കുകയും ചെയ്തു.


ഗ്രാമപഞ്ചായത്തായിരുന്ന ഏറ്റുമാനൂര്‍ നഗരസഭ ആയതിനു പിന്നാലെ സ്വകാര്യ ബസ് സ്റ്റാന്‍റിനും ചിറക്കുളത്തിനും ചുറ്റുമുള്ള പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. പിന്നാലെ സമീപത്തെ സ്ഥലമുടമകള്‍ അതിര്‍ത്തിതര്‍ക്കത്തിന്‍റെ പേരില്‍ നഗരസഭയ്ക്കെതിരെ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിനിടെ അന്ന് ഇട്ട അതിരുകല്ലുകള്‍ സ്ഥലമുടമകള്‍ പിഴുതുകളഞ്ഞതായും ആരോപണമുയര്‍ന്നു. 2017 നവംബറില്‍ ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ് പ്രകാരം നഗരസഭാ പരിധിയിലെ കയ്യേറ്റങ്ങള്‍ വീണ്ടും അളന്നു തിട്ടപ്പെടുത്തിയിരുന്നു. 


ഇപ്പോള്‍ വിവാദമായ കെട്ടിടനിര്‍മ്മാണം നഗരസഭാ സ്ഥലവും കൂടി കൈയേറിയാണെന്ന് ആരോപണം ഉയര്‍ന്ന പിന്നാലെയാണ് സ്വകാര്യവ്യക്തി പരാതിയുമായി നിര്‍മ്മാണത്തിനെതിരെ രംഗത്തെത്തിയത്. കോടതിയില്‍ കേസ് നിലനില്‍ക്കെ സ്വകാര്യവ്യക്തിക്ക് അനുകൂലമായി വിധിയുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കി എന്നാണ് പരാതി. എന്നാല്‍ അത്തരമൊരു ഉത്തരവ് നഗരസഭാ കൌണ്‍സിലില്‍ ചര്‍ച്ചക്കെടുക്കാനോ അപ്പീലിന് പോകാനുള്ള സാഹചര്യമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താനോ ഒരുങ്ങാതെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം നിര്‍മ്മാണ അനുമതി നല്‍കുകയായിരുന്നു.


കഴിഞ്ഞ കൌണ്‍സില്‍ യോഗത്തില്‍ വിഷയം വിവാദമാകുകയും കോടതി ഉത്തരവ് കാണിക്കാന്‍ അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായില്ല. വക്കീല്‍ വിളിച്ചുപറഞ്ഞു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഈ വക്കീലിനെയാണ് നിരുത്തരവാദിത്വപരമായി പെരുമാറുന്നു എന്ന കാരണത്താല്‍ നഗരസഭ നീക്കം ചെയ്തത്. കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന് ചില കൌണ്‍സിലര്‍ ഒത്താശ ചെയ്തിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


സ്വകാര്യവ്യക്തികള്‍ കയ്യേറിയെന്നു പറയുന്നതുള്‍പ്പെടെയുള്ള സ്ഥലത്താണ് നഗരസഭ മള്‍ട്ടിപ്ലക്സ് ഉള്‍പ്പെടെയുള്ള വ്യാപാരസമുശ്ചയം നിര്‍മ്മിക്കാനുദ്ദേശിച്ചത്. നിലവില്‍ ഇവിടെ കച്ചവടസ്ഥാപനങ്ങളുള്ളവര്‍ സഹകരിച്ചു നില്‍ക്കുകയാണെങ്കില്‍ ഇവര്‍ക്ക് സംഭവിക്കുന്ന നഷ്ടത്തിനനുപാതികമായി പുതിയ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാനാണ് നഗരസഭ തീരുമാനിച്ചതും. കഴിഞ്ഞ ഭരണസമിതി നിര്‍മ്മാണം ആരംഭിച്ചെങ്കിലും അപാകതകള്‍ ചൂണ്ടികാട്ടി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ രംഗത്തെത്തിയതോടെ നിര്‍മ്മാണം സ്തംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K