19 June, 2022 10:03:35 AM
ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം: പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി; പുതിയ കെട്ടിട നിർമ്മാണം ഉടൻ
ഏറ്റുമാനൂർ: പഴയ ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള കോട്ടയം മെഡിക്കൽ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി. പബ്ലിക് ഹെൽത്ത് വിഭാഗം, ഹൗസ് സർജൻ ക്വാർട്ടേഴ്സ്, രാത്രി ഡ്യൂട്ടിക്കുള്ളവരുടെ വിശ്രമ മുറി എന്നീ കെട്ടിടങ്ങളാണ് പൊളിച്ചത്. പുതിയതായി ഇവിടെ രണ്ടു നിലയാണ് പണിയുന്നത്. നാഷനൽ ഹെൽത്ത് മിഷന്റെ 2.78 കോടി രൂപയാണ് പദ്ധതി ചെലവ്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ ഒപിയും കിടത്തി ചികിത്സയും ഉണ്ട്. ഇപ്പോഴുള്ള ചികിത്സയ്ക്ക് തടസ്സം ഉണ്ടാകാത്തവിധം ആണ് കെട്ടിടത്തിന്റെ പണികൾ നടത്തുന്നത്. ഒപി മുറി, ഫാർമസി, ലാബ്, ഡോക്ടേഴ്സ് മുറി, സ്റ്റാഫ് മുറി, രോഗികൾക്ക് കാത്തിരിപ്പു കേന്ദ്രം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണ ചുമതല.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന സമിതി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി. നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര, ആരോഗ്യസ്ഥിരസമിതി ബീന ഷാജി, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. ആശാ ജോവാൻ മുരളി, വികസന സമിതി അംഗങ്ങളായ കെ.എസ്. രഘുനാഥൻ നായർ, ബോബൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു. കെട്ടിട നിർമാണത്തിനു അനുമതി നൽ കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇൻഫ്രാസ്ട്രക്ചർ കേരളയ്ക്കാണ് നിർമാണ ചുമതല.