14 June, 2022 09:58:39 PM
ഏറ്റുമാനൂരില്‍ നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടികൂടി; 1,10,000 രൂപ പിഴയിട്ടു
ഏറ്റുമാനൂര്‍: നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കടകളില്‍നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പിഴയായി 1,10,000 രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശവും നല്‍കി. നഗരസഭയോട് ചേര്‍ന്നിരിക്കുന്ന ഉണക്കമീന്‍ കടയുടമയോട് 10000 രൂപയും പേരൂര്‍ റോഡിലെ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കടയുടമയോട് 1 ലക്ഷം രൂപയും അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചത്.
ഇന്നലെ നടന്ന സംഭവം ഇതുവരെ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷയെ അറിയിച്ചിട്ടില്ല. പിഴതുക കുറവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൌണ്‍സിലറുടെ ശുപാര്‍ശയോടെ കടയുടമ കത്തുമായി വന്നപ്പോഴാണ് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി വിവരം അറിയുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഇന്ന് ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ കൃത്യമായ വിവരം ഇനിയും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്ഥിരം സമിതി അധ്യക്ഷ പറയുന്നത്.