09 June, 2022 08:14:00 AM
നടയ്ക്കപ്പാലത്തിനു സമീപം റോഡ് ഇടിഞ്ഞു താണു; തെള്ളകം - പേരൂര്‍ റോഡില്‍ ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂര്‍: തെള്ളകം - പേരൂര്‍ റോഡില്‍ നടയ്ക്കപ്പാലത്തിനു സമീപം റോഡ് ഇടിഞ്ഞു താണു. ഇതോടെ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. തെള്ളകം അരുവാക്കുറിഞ്ഞിയില്‍നിന്നും വെട്ടിമുകള്‍ ഷട്ടര്‍കവല വരെയുള്ള റോഡ് ഏതാനും വര്‍ഷം മുമ്പ് ആധുനികരീതിയില്‍ നവീകരിച്ചതാണ്. തെള്ളകം പാടത്തിനു കുറുകെ കടന്നു പോകുന്ന റോഡില്‍ നടയ്ക്കപ്പാലത്തിനു സമീപം ഏതാണ്ട് ഒരു വര്‍ഷം മുമ്പേ വിള്ളല്‍ വീണത് 'കൈരളി വാര്‍ത്ത' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിനുശേഷം വിള്ളലിന്‍റെ വലിപ്പം കൂടി കൂടുതല്‍ അപകടാവസ്ഥയിലായ റോഡില്‍ ഇന്നലെയാണ് നവീകരണജോലികള്‍ ആരംഭിച്ചത്. റോഡ് ഇടിഞ്ഞതോടൊപ്പം ജല അതോറിറ്റിയുടെ ഈ വഴിയുള്ള പൈപ്പ് പൊട്ടി വെള്ളമൊഴുകാനും തുടങ്ങി.
ഈ ഭാഗത്ത് സംരക്ഷണഭിത്തികെട്ടി റോഡ് പുനര്‍നിര്‍മ്മിക്കാനുള്ള ജോലികള്‍ നടന്നുവരവെയാണ് ഇന്നലെ റോഡ് ഇടിഞ്ഞുതാണത്. മൂന്ന് മീറ്ററോളം ടാറിംഗ് ഉള്‍പ്പെടെ 20 മീറ്ററിലധികം നീളത്തിലാണ് റോഡ് ഇടിഞ്ഞത്. റോഡ് നിര്‍മ്മാണത്തിലെ അപാകതയും ടോറസ് ലോറികളുടെ നിരന്തരമുള്ള ഓട്ടവുമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. വിള്ളല്‍ വീണ് റോഡ് അപകടാവസ്ഥയിലായിട്ടും പണി തുടങ്ങാനുള്ള അധികൃതരുടെ അനാസ്ഥയും റോഡിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായിയെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
എം.സി.റോഡില്‍നിന്നും തെള്ളകം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലെയും കോട്ടയത്തെയും കുരുക്കുകളില്‍നിന്നും ഒഴിവായി അയര്‍ക്കുന്നം, പാലാ, മണര്‍കാട്, കെ.കെ.റോഡ് എന്നിവിടങ്ങളിലേക്ക് പോകാവുന്ന പ്രധാന റോഡാണിത്. റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. ഈവഴി പോകേണ്ട വാഹനങ്ങള്‍ പഴയ എം.സി.റോഡിലൂടെ പോയി 101 കവല - കണ്ടംചിറ റോഡിലൂടെയോ, പരിത്രാണ - ഇരുമ്പനം റോഡിലൂടെയോ സഞ്ചരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.