08 June, 2022 11:23:38 AM
കുമരകത്ത് ഗുണ്ടാ വിളയാട്ടം: വൃക്കരോഗിയായ ഹോട്ടലുടമക്കും ഭാര്യക്കും മർദ്ദനം
കുമരകം: കുമരകത്ത് വൃക്കരോഗിയായ ഹോട്ടലുടമക്കും ഭാര്യക്കും മർദ്ദനം. കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന നാട്ടുരുചിക്കൂട്ട് എന്ന ഹോട്ടലിലാണ് ആക്രമണം നടന്നത്. ഹോട്ടലുടമ അജിത് വി. അരവിന്ദ് (36) ഭാര്യ അനുമോൾ (35) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് സംഭവം.
ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ 3 വർഷമായി ചികിത്സ നടത്തിവരുകയും ഇപ്പോൾ ഡയാലിസിസിനു വിധേയമായി ചികിത്സ തുടരുകയുമാണ് അജിത്. സ്ഥാപനത്തിൽ വെച്ചാണ് മർദ്ദനമേറ്റത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കസ്റ്റമേഴ്സിനു മുന്നിലാണ് മർദ്ദനം നടന്നത്. തടയാനെത്തിയ ഭാര്യ അനുമോളെ അക്രമികൾ മർദ്ദിക്കുകയും, തള്ളി താഴെ ഇട്ടതായും പറയുന്നു.
കടയിലെത്തി ഭീക്ഷണിപ്പെടുത്തിയ മദ്യപസംഘം സാധനസാമഗ്രികൾ എറിഞ്ഞുടയ്ക്കുകയും, ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു. മർദ്ദനമേറ്റ അജിത്തിനെ കുമരകം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും കണ്ണിനേറ്റ ക്ഷതം മൂലം ജില്ലാ ജനറലാശുപത്രിയിൽ ചികിൽസ തേടിയ ശേഷം തിരികെയെത്തിയ അജിത്തിനെ കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ കാത്ത് നിന്ന പന്ത്രണ്ടംഗ സംഘം വീണ്ടും മർദ്ദിക്കുവാൻ ശ്രമിച്ചു. മണിക്കൂറുകളോളം ഹോട്ടലിലും പിന്നീട് ആശുപത്രിയിലും അക്രമി സംഘം അഴിഞ്ഞാടിയിട്ടും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതായും ആക്ഷേപമുണ്ട്.
സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. കോവിഡിൽ അടച്ചിടേണ്ടി വന്ന സംരംഭം പിന്നീട് ഭീമമായ കടബാധ്യതയിലാണ് തുടർന്ന് പ്രവർത്തിച്ചത്. കുറേനാളുകളായി തുടർച്ചയായി ഇതേ സംഘം ഹോട്ടലിലെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് അജിതിൻ്റെ ഭാര്യ പറഞ്ഞു.