07 June, 2022 06:51:09 PM
അയ്മനം മിനി ഇൻഡോർ സ്റ്റേഡിയത്തിന്‍റെ കവാടങ്ങൾക്കും തൂണുകൾക്കും വിള്ളൽ
കോട്ടയം: അയ്മനത്തെ മിനി ഇൻഡോർ സ്റ്റേഡിയത്തിന്‍റെ കവാടങ്ങൾക്കും തൂണുകൾക്കും വിള്ളൽ. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഫെബ്രുവരിയിൽ പൂർണമായും പണി തീരുംമുമ്പേ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയമാണ് ഇത്. ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞപ്പോൾ ടൈലുകൾ പൊട്ടി അടിത്തറയുടെ വിള്ളൽ പുറത്ത് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കവാടങ്ങളും തൂണുകളും പ്രധാന കെട്ടിടത്തിൽ നിന്ന് അടർന്ന്, തറനിരപ്പിലും താഴ്ന്നു കൊണ്ടിരിക്കുന്നത്.
ഇതിന് പുറമെ മൂന്ന് കവാടങ്ങളുടെ തൂണുകളും വളഞ്ഞു. ഇതിന്‍റെ കോൺക്രീറ്റു പാളികളും വീണ്ടു കീറിയ നിലയിലാണ്. അയ്മനം പഞ്ചായത്തിന്‍റെ ഡംപിംങ് യാർഡായി കൂടി ഇപ്പോൾ സ്റ്റേഡിയം പരിസരം മാറിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടി 16 ലക്ഷം രൂപ മുടക്കി സ്പോർട്സ് കൗൺസിലാണ് കെട്ടിടം നിർമ്മിച്ചത്. അയ്മനം പഞ്ചായത്തിന്‍റെ ഉടമസ്ഥയിൽ അഞ്ചാം വാർഡിൽ പാടത്തോട് ചേർന്ന ഉറപ്പില്ലാത്ത മണ്ണിൽ കെട്ടി പൊക്കിയതാണ് ഇൻഡോർ സ്റ്റേഡിയം. കെട്ടിട നിർമ്മാണത്തിൽ 80 ലക്ഷം രൂപയുടെ അഴിമതി ആരോപിച്ച് വാർഡ് മെമ്പർ കൂടിയായ ബിജു മാന്താറ്റിൽ വിജിലൻസ് ഡയാക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.