07 June, 2022 06:10:32 PM
നോട്ടീസില്‍ പേരില്ല; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടാക്കി ബിജെപി അംഗം
ഏറ്റുമാനൂര്‍: സ്കൂള്‍ പ്രവേശനോത്സവം സംബന്ധിച്ച് അച്ചടിച്ച നോട്ടീസില്‍ തന്‍റെ പേര് വെയ്ക്കാത്തതില്‍ പ്രതിഷേധവുമായി നഗരസഭാ അംഗം. സംഭവം മറ്റ് അംഗങ്ങള്‍ ഏറ്റുപിടിച്ചതോടെ ഏറ്റുമാനൂര്‍ നഗരസഭയുടെ ഇന്ന് നടന്ന കൌണ്‍സില്‍ യോഗം സംഘര്‍ഷഭരിതമായി. അംഗങ്ങള്‍ ചേരിതിരിഞ്ഞും കൂട്ടമായും ചെയര്‍പേഴ്സന്‍റെ മുന്നിലെത്തി ബഹളം തുടങ്ങി. അംഗങ്ങളെ നിയന്ത്രിക്കാന്‍ ചെയര്‍പേഴ്സണും ഏറെ പണിപ്പെട്ടു.
പേരൂര്‍ സൌത്ത് ഗവ.എല്‍.പി.സ്കൂളില്‍ നടന്ന പ്രവേശനോത്സവമാണ് വിവാദമായത്. വിദ്യാഭ്യാസ സ്ഥിരം സമിതി അംഗവും ബിജെപിയുടെ പ്രതിനിധിയുമായ 27-ാം വാര്‍ഡ് അംഗം ശോഭനകുമാരിയാണ് കൌണ്‍സില്‍ യോഗത്തില്‍ തന്‍റെ പ്രതിഷേധം അറിയിച്ചത്. പരിപാടിയുടെ വിവരങ്ങള്‍ തന്നെ മനപൂര്‍വ്വം അറിയിച്ചില്ലെന്നും നോട്ടീസില്‍ നിന്ന് ഒഴിവാക്കിയെന്നുമായിരുന്നു ഇവരുടെ ആരോപണം. സ്ഥിരം സമിതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി നടക്കാറില്ലെന്നും രാഷ്ട്രീയപരമായാണ് നീക്കങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.
ഇതോടെ സ്ഥിരം സമിതി അധ്യക്ഷ ഡോ.ബീന വിശദീകരണവുമായി എഴുന്നേറ്റു. ഒപ്പം എഴുന്നേറ്റ ബിജെപി പ്രതിനിധി ഉഷാ സുരേഷ് ശോഭനകുമാരിയെ അനുകൂലിച്ചും ബീനയെ കുറ്റപ്പെടുത്തിയും സംസാരിച്ചുതുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ബഹളവുമായി രംഗത്തെത്തി. ചെയര്‍പേഴ്സന്‍റെയടുത്തേക്ക് അംഗങ്ങള്‍ കൂട്ടമായി എത്തിയതോടെ സംഭവം കയ്യാങ്കളിയില്‍ എത്തുമോ എന്ന് പോലും പലരും ഭയന്നു.
ഇവിടെ ഇരിക്കുന്നവരെല്ലാം പക്വത എത്തിയവരല്ലെ എന്ന് ചോദിച്ച് ചെയര്‍പേഴ്സണ്‍ എല്ലാവരെയും ശാന്തരാക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെ 18-ാം വാര്‍ഡ് കൌണ്‍സിലറും സ്കൂള്‍ രക്ഷാധികാരിയും ബിജെപി പ്രതിനിധിയുമായ സിന്ധു കറുത്തേടം വിശദീകരണവുമായി എഴുന്നേറ്റു. ശോഭനകുമാരിയുടെ പേര് മനപൂര്‍വ്വം വിട്ടുപോയതല്ല എന്നും നോട്ടീസ് അടിച്ചത് നഗരസഭയോ സ്കൂളോ അല്ലെന്നും പരിപാടി സംഘടിപ്പിച്ചത് വിദ്യാഭ്യാസവകുപ്പാണെന്നും അവര്‍ പറഞ്ഞു. ഹെഡ്മിസ്ട്രസും താനും കൂടി ശോഭനയെ ക്ഷണിക്കുകയും അവിടെ നടന്ന ഒരു ചടങ്ങിന്‍റെ ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തതാണ്.
ബിജെപി അംഗത്തിന്‍റെ പ്രതിഷേധത്തിനനുകൂലമായി മറ്റൊരു ബിജെപി അംഗം ബഹളം വെച്ചതും പിന്നാലെ നിജസ്ഥിതി വെളിപ്പെടുത്തി വാര്‍ഡ് കൌണ്‍സിലറായ ബിജെപി അംഗമെത്തിയതും ഉള്‍പ്പെടെ നാടകീയരംഗങ്ങള്‍ക്കാണ് ഇന്ന് നഗരസഭാ കൌണ്‍സില്‍ സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിനെതിരെ ഒരു തന്‍റെ നാട്ടില്‍ സ്ഥിതിചെയ്യുന്ന സ്കൂളിന്‍റെ പരിപാടിയില്‍ വിദ്യാഭ്യാസസ്ഥിരം സമിതി അംഗംകൂടിയായ തന്‍റെ പേരും ഉള്‍കൊള്ളിച്ചിട്ടില്ലെന്നും പക്ഷെ തനിക്ക് പരാതി ഇല്ലെന്നും 14-ാം വാര്‍ഡ് അംഗം കൂടിയായ ജേക്കബ് മാണി യോഗത്തില്‍ പറഞ്ഞു.