07 June, 2022 02:33:21 PM
സിന്ധുകുഞ്ഞ് ജോലിയിൽ തുടരും; എച്ച്ഐയുടെ നിർദേശം തള്ളി നഗരസഭാ കൗൺസിൽ
ഏറ്റുമാനൂർ: അറുപതു വയസായെന്നു പറഞ്ഞ് 47 കാരിയായ പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാരിയെ പിരിച്ച് വിടാനുള്ള നഗരസഭാ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞ് കൗൺസിൽ യോഗം. അറുപത് വയസ് പൂർത്തിയായതിനാൽ പിരിച്ചുവിടപ്പെടുന്നവരുടെ ലിസ്റ്റിലാണ് സിന്ധുകുഞ്ഞിന്റെ പേരും ഹെൽത്ത് ഇൻസ്പെക്ടർ ഉൾകൊള്ളിച്ചത്. പതിനാറ് വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരിയെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയാണ് പിരിച്ച് വിടാനുള്ള നിർദേശം നൽകിയെതെന്നും ആരോപണമുയർന്നു.
ഇവർക്ക് പ്രായം 60 ആയിട്ടില്ലെന്ന് മുൻ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിതാ ബിനീഷ് ആണ് യോഗത്തിൽ ചൂണ്ടികാട്ടിയത്. ഹെൽത്ത് ഇൻസ്പെക്ടറാണോ ഇവരുടെ പ്രായം നിജപ്പെടുത്തുന്നതെന്നും അവർ ചോദിച്ചു. ഇതേ തുടർന്ന് നടന്ന ചർച്ചയിൽ സിന്ധു കുഞ്ഞിനെ നിലനിർത്താനും 60 വയസ് തികഞ്ഞവരുടെ പട്ടികയിലുണ്ടായിരുന്ന മറ്റ് 5 പേരെ പിരിച്ചു വിടാനും യോഗം തീരുമാനിക്കുകയായിരുന്നു.
2006-ലാണ് 120 രൂപ ശമ്പളത്തിൽ ജവഹർ കോളനി നിവാസിയായ സിന്ധുകുഞ്ഞ് ഏറ്റുമാനൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ആരംഭിച്ചത്. പഞ്ചായത്ത് നഗരസഭയായപ്പോഴും ഇവർ ജോലിയിൽ തുടർന്നു. കഴിഞ്ഞ നവംബർ 13ന് തലയിൽ മുഴ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഇവർ വിശ്രമത്തിലായിരുന്നു. വെയിലു കൊള്ളാൻ ആവില്ലെന്നും രണ്ടുമാസത്തേക്ക് വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനാൽ തനിക്കു പകരം മകനെ ജോലിയിൽ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സിന്ധുകുഞ്ഞ് നഗരസഭാ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.
ഈ നിവേദനം പരിഗണിച്ച് ഏറ്റുമാനൂർ നഗരസഭാധികൃതർ മകനെ ജോലിയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്നും സിന്ധു കുഞ്ഞ് തന്നെ ജോലിയിൽ തുടരണമെന്നും എച്ച് ഐയും സൂപ്രണ്ടും അറിയിച്ചു. അതുകൊണ്ടു തന്നെ അവശതകൾ മറന്നും സിന്ധു മൂന്ന് മാസം മുമ്പ് വീണ്ടും കർമ്മനിരതയായി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നഗരസഭയിലെ 60 വയസ് കഴിഞ്ഞ കണ്ടിൻജൻസി ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ പട്ടിക പുറത്തിറക്കിയതും ഈ പട്ടികയിൽ സിന്ധു കുഞ്ഞിന്റെ പേരുൾപ്പെട്ടതും. സിന്ധുകുഞ്ഞ് മുമ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.