06 June, 2022 11:33:59 PM
കൗണ്‍സില്‍ തീരുമാനം വക്കീലിനെ മാറ്റാന്‍; മിനിറ്റ്സില്‍ രേഖപ്പെടുത്തിയത് നിലനിര്‍ത്താന്‍
ഏറ്റുമാനൂര്‍: നഗരസഭാ കൌണ്‍സിലില്‍ ഏകകണ്ഠമായി എടുത്ത തീരുമാനം ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും ചേര്‍ന്ന് തിരുത്തിയെന്ന് ആരോപണം. നഗരസഭയുടെ നിയമകാര്യങ്ങള്‍ നോക്കുന്ന സ്റ്റാന്‍റിംഗ് കൌണ്‍സിലില്‍നിന്നും അഡ്വ.സിബി ചേനപ്പാടിയെ നീക്കം ചെയ്യാന്‍ 2022 ഏപ്രില്‍ 26ന് ചേര്‍ന്ന കൌണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് ഈ.എസ്.ബിജു ഉന്നയിച്ച ആവശ്യം കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം അനുകൂലിച്ചിട്ടും ഇതിന് വിപരീതമായാണ് മിനിറ്റ്സില്‍ രേഖപ്പെടുത്തിയതെന്നാണ് ആരോപണം.
കോടതിയില്‍ നിരുത്തരവാദപരമായി പെരുമാറുകയും അതിന്‍റെ ദൂഷ്യഫലങ്ങള്‍ ഉദ്യോഗസ്ഥരും നഗരസഭയും അനുഭവിക്കുകയും ചെയ്യേണ്ട അവസ്ഥ സംജാതമായതിനെതുടര്‍ന്ന് കഴിഞ്ഞ ഭരണസമിതിയിലും സിബി ചേനപ്പാടിയെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് പലവട്ടം ചര്‍ച്ചയായിരുന്നു. നഗരസഭ കക്ഷിയായ പല കേസുകളും ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അഭിഭാഷകന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം പരാജയപ്പെടുന്നതും കേസുകള്‍ പഠിക്കുന്നതിന് നഗരസഭയുമായി സഹകരിക്കുന്നില്ലെന്നും മറ്റുമായിരുന്നു ആരോപണം. എന്നാല്‍ വക്കീല്‍ ഫീസിനത്തില്‍ നല്ല തുക നഗരസഭയില്‍നിന്നും പോകുന്നുമുണ്ട്.
വിഷയം ചര്‍ച്ചയ്ക്ക് വന്ന കൌണ്‍സിലില്‍ വക്കീലിനെ മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇദ്ദേഹത്തെ നിലനിര്‍ത്തികൊണ്ട് ഒരാളെകൂടി നിയമിക്കുന്നതായ തീരുമാനമാണ് മിനിറ്റ്സില്‍ എഴുതിചേര്‍ത്തത്. ഇതിനായി ചെയര്‍പേഴ്സണ്‍, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയതായും ആവശ്യമെങ്കില്‍ പത്രപരസ്യം നല്‍കാമെന്ന് തീരുമാനിച്ചതായും മിനിറ്റ്സിലുണ്ട്. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച അവിടെ നടന്നിട്ടില്ലെന്നാണ് കൌണ്‍സിലര്‍മാര്‍ പറയുന്നത്. തീരുമാനം മാറ്റിയെഴുതിയെന്ന് ആരോപിക്കപ്പെടുന്ന മിനിറ്റ്സ് തൊട്ടടുത്ത കൌണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചുമില്ല.
കേസ് ജയിച്ചാലും തോറ്റാലും അഭിഭാഷകന്‍ ബില്‍ നല്‍കുകയും നഗരസഭ അത് പാസാക്കികൊടുക്കുകയും ചെയ്യുന്നത് കഴിഞ്ഞ ഭരണസമിതിയില്‍ ഏറെ വിവാദമായിരുന്നു. 2019 നവംബര്‍ 4ന് 13 കേസുകളുടെ ഫീസായി 1,69,000 രൂപയുടെ ബില്‍ നല്‍കിയിരുന്നു. ഇവയില്‍ എട്ടെണ്ണം കേസ് പരിഗണിച്ച ദിവസം തന്നെ വിധിയായി എന്നതിനാല്‍ ഇതിലേക്കായി 40,000 രൂപ അഭിഭാഷകന് നല്‍കിയത്രേ.
ഡിഎംസി കണ്‍വന്‍ഷന്‍ സെന്‍ററും നഗരസഭയും തമ്മില്‍ നിലനില്‍ക്കുന്ന കേസ് കോടതി അവധിക്കുവെച്ച കാര്യം മറച്ചുവെച്ചതും പെറ്റീഷന്‍റെ കോപ്പി അഭിഭാഷകന്‍ നഗരസഭയ്ക്ക് നല്‍കാതിരുന്നതും ദുരുദ്ദേശത്തോടെയാണെന്നും കൌണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ നഗരസഭയെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകുന്നതിന് രണ്ട് അഭിഭാഷകര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവരില്‍ അഡ്വ.താജുദീനെ ഈ കേസ് ഏല്‍പിക്കാമെന്ന് സെക്രട്ടറി പറഞ്ഞതായും അത് തീരുമാനമാക്കിയതായും മിനിററ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭ സ്റ്റാന്‍റിംഗ് കൌണ്‍സിലില്‍നിന്നും പൂര്‍ണ്ണമായി നീക്കാന്‍ തീരുമാനിച്ച അഭിഭാഷകനെ ഒരു കേസില്‍നിന്ന് മാത്രം മാറ്റിനിര്‍ത്തുന്നതായി മിനിറ്റ്സില്‍ എഴുതിചേര്‍ത്തതിനെ അംഗങ്ങള്‍ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച നടക്കുന്ന കൌണ്‍സില്‍ യോഗത്തില്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്കുവന്നേക്കും.