04 June, 2022 08:24:47 AM
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പ് സ്ഥിരീകരിച്ച് അന്വേഷണ സംഘം
ഏറ്റുമാനൂർ : ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് സ്ഥിരീകരിച്ച് അന്വേഷണ സംഘം. വിപണിയിൽ തീരെ വിലയില്ലാത്ത തരിശുഭൂമി പണയമായി സ്വീകരിച്ച് ബാങ്ക് ലക്ഷങ്ങൾ വായ്പ നൽകിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വായ്പ കുടിശികയായപ്പോൾ പോലും കൃത്യമായ മൂല്യനിർണയം നടത്താതെയാണ് സ്ഥലം ലേലം ചെയ്യാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
പിന്നീട് സ്ഥലം ജപ്തി ചെയ്ത് ഏറ്റെടുക്കുകയും വായ്പ സംബന്ധിച്ച ഫയൽ തീർപ്പാക്കുകയും ചെയ്ത നടപടിയിലൂടെ ബാങ്കിനു സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വായ്പയുടെ വിതരണം മുതൽ ലേലം വരെയുള്ള നടപടിക്രമങ്ങളിൽ ബാങ്ക് വീഴ്ച വരുത്തിയെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട്ട് ഈ മാസം 25 നു മുൻപ് സമർപ്പിക്കും. ബാങ്കിൽ വായ്പ ഇടപാടിലൂടെ 1.12 കോടി രൂപയുടെ ക്രമക്കേടു നടന്നുവെന്ന പരാതിയിലാണ് അന്വേഷണം.
ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവു പ്രകാരം കുമാരനല്ലൂർ യൂണിറ്റ് സഹകരണ ഇൻസ്പെക്ടർ പി.ആർ.സവിത, കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരായ അനൂപ് , സന്ധ്യ എന്നിവരുടെ നേതൃത്വ ത്തിലാണ് അന്വേഷണം നടക്കുന്നത്. പുന്നത്തുറ സ്വദേശി ജോബി ചെറിയാൻ, ഇയാളുടെ ഭാര്യ, ഇവരുടെ വീട്ടിലെ 2 പണിക്കാർ എന്നിവരുടെ പേരിലാണ് 10 ലക്ഷം രൂപ വീതം വായ്പ നൽകിയത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴപ്പലിശയുമായി തുക 72 ലക്ഷമായി.
പേരൂരിലുള്ള ഭൂമിയുടെ ഈടിലാണ് വായ്പ അനുവദിച്ചത്. ഈ ഭൂമി തരിശുഭൂമിയാണെന്ന് അന്വേ ഷണസംഘം കണ്ടെത്തി. പണയം വച്ച ഭൂമിയുമായി ഒരു ബന്ധവും ഇല്ലാത്ത 2 പേർക്കും തുക അനുവദിച്ചു. വായ്പ കുടിശികയായപ്പോൾ ലേലനടപടികൾ സ്വീകരിച്ചത് നിയമാനുസൃതമായ രീതിയിലല്ല. നോട്ടിസ് പ്രസിദ്ധീകരിച്ചില്ല. വസ്തുവിന്റെ മൂല്യനിർണയം നടത്തിയില്ല. ബാങ്ക് ലേലത്തിൽ പിടിച്ച പണയഭൂമി പുനർലേലം നടത്തുന്നതിനും നടപടി സ്വീകരിച്ചില്ല.