31 May, 2022 08:55:26 PM
ബീനാ ഷാജി ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ പുതിയ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയായി ബീനാ ഷാജി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം വാര്‍ഡില്‍ (വള്ളിക്കാട്) നിന്നുള്ള അംഗമാണ്. നഗരസഭയിലേക്ക് കഴിഞ്ഞ രണ്ടു തവണ നടന്ന തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രയായി മത്സരിച്ച് മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തിയ ബീനാ ഷാജി നിലവില്‍ ആരോഗ്യസ്ഥിരം സമിതി അംഗമായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സുനിതാ ബിനീഷ് തത്സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പിലാണ് ബീനാ ഷാജിയ്ക്ക് പുതിയ സ്ഥാനലബ്ധിയുണ്ടായത്. ആറംഗസമിതിയില്‍ ബീനാ ഷാജിക്ക് മൂന്നും എതിര്‍ സ്ഥാനാര്‍ഥിയായ യുഡിഎഫിലെ അന്‍സു ജോസഫി (കോണ്‍ഗ്രസ് -ഐ) ന് രണ്ട് വോട്ടുകളും ലഭിച്ചു. സിപിഎമ്മിലെ പി.എസ്.വിനോദും മുന്‍ അധ്യക്ഷ സുനിതാ ബിനീഷും ബീനാ ഷാജിയെ പിന്തുണച്ച് വോട്ടു ചെയ്തപ്പോള്‍ ബിജെപി പ്രതിനിധിയായ അജിശ്രീ മുരളി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു.
തിരഞ്ഞെടുപ്പിന് പിന്നാലെ ബീനാ ഷാജി സ്ഥിരം സമിതി അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയും സ്റ്റാന്‍റിംഗ് കമ്മറ്റിയോഗം ചേരുകയും ചെയ്തു. നഗരസഭയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മത്സ്യമാര്‍ക്കറ്റിന്‍റെ ശുചീകരണം ഉള്‍പ്പെടെ നഗരം മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് ബീനാ ഷാജി കൈരളി വാര്‍ത്തയോട് പറഞ്ഞു. തെളിനീരൊഴുകുന്ന നവകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ അതിര്‍ത്തിയിലെ തോടുകള്‍ എല്ലാം ആഴം കൂട്ടി ജലമൊഴുക്ക് സുഗമമാക്കും. മഴക്കാലപൂര്‍വ്വശുചീകരണപ്രവര്‍ത്തനങ്ങള്‍ വാര്‍ഡു തലത്തില്‍ ശക്തമാക്കും. അവര്‍ പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയിലെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനായിരുന്ന ടി.പി.മോഹന്‍ദാസ് തുടങ്ങിവെച്ച ഒട്ടേറെ പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതുള്‍പ്പെടെ പഴയതും പുതിയതുമായ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് ഭരണസമിതി സഹകരിക്കാതെ വന്നതിനെതുടര്‍ന്നാണ് കാലാവധി അവസാനിക്കുംമുമ്പ് സുനിതാ ബിനീഷ് തത്സ്ഥാനം രാജിവെച്ചത്. ബീനാ ഷാജി സ്ഥാനമേറ്റതോടെ പദ്ധതികളുടെ നടത്തിപ്പില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏറ്റുമാനൂര്‍ നിവാസികള്‍.