30 May, 2022 06:34:39 PM
കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം: ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം, കവർച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ ചങ്ങനാശ്ശേരി പെരുന്ന കുരിശുംമ്മൂട്ടിൽ വീട്ടിൽ നിന്നും കുറിച്ചി വില്ലേജ് കുറിച്ചി കരയിൽ പൊൻപുഴ പ്ലൈവുഡ് കമ്പനിക്ക് സമീപം ഇല്ലിക്കൽ സോണിയുടെ വീട്ടിൽ വാടകക്ക് താമസിച്ചുവരുന്ന ഫിലിപ്പ് തോമസ് മകൻ ജാക്സൺ ഫിലിപ്പ് (28) എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ടാണ് ജാക്സൺ ഫിലിപ്പിനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വധശ്രമം, കവർച്ച, മനഃപൂർവ്വമായ നരഹത്യശ്രമം, ആയുധവുമായി അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, നിയമവിരുദ്ധമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വ്യാജവാറ്റ്, നിരോധിത മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.