25 May, 2022 06:34:34 PM


ട്രാൻസ്ഗ്രിഡ് പദ്ധതിയിലൂടെ പ്രസരണമേഖലയെ ശക്തിപ്പെടുത്തും - മന്ത്രി കൃഷ്ണൻ കുട്ടി



കോട്ടയം: ട്രാൻസ്ഗ്രിഡ് പദ്ധതിയിലൂടെ കേരളത്തിലെ വൈദ്യുതി പ്രസരണമേഖലയെ ശക്തിപ്പെടുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. 4.25 കോടി രൂപ ചെലവഴിച്ച്  110 കെ.വി. ആയി ഉയർത്തിയ കുറവിലങ്ങാട് സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിക്കുകയായിരുന്നു മന്ത്രി.  

ആകെ ഉപയോഗത്തിന്റെ 65 മുതൽ 70 ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങുന്ന കേരളത്തിൽ പ്രസരണമേഖലയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ ലക്ഷ്യത്തോടെ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. കുറവിലങ്ങാട് 66 കെ.വി. സബ്‌സ്റ്റേഷൻ 110 കെ.വി. ആയി ഉയർത്തിയതിലൂടെ കടുത്തുരുത്തി, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മാഞ്ഞൂർ, ഞീഴൂർ, മുളക്കുളം മേഖലകളിലെ ആറായിരത്തോളം ഗുണഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി നൽകാനാകും.

വിതരണ മേഖല സ്വകാര്യവത്കരണ ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ സാമ്പത്തികഭദ്രത കൈവരിച്ചും ഉപഭോക്തൃ സൗഹാർദ്ദം മെച്ചപ്പെടുത്തിയും കെ.എസ്.ഇ.ബി.യെ പൊതുമേഖലയിൽ തന്നെ നിലനിർത്തും. കെ.എസ്.ഇ.ബിയുടെ  വരവു വർധിപ്പിച്ച് ചെലവു കുറച്ച് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കുറവിലങ്ങാട് പി.ഡി. പോൾ മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. ബി. അശോക്, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ബെൽജി ഇമ്മാനുവേൽ, സൈനമ്മ ഷാജു, ടി.കെ. വാസുദേവൻ നായർ, ഗ്രാമപഞ്ചായത്തംഗം സന്ധ്യാ സജികുമാർ, പ്രസരണ വിഭാഗം ഡയറക്ടർ രാജൻ ജോസഫ്, ചീഫ് എൻജിനീയർ മേരി ജോൺ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K