25 May, 2022 12:57:22 PM
ഏറ്റുമാനൂർ നഗരസഭയിൽ വൻ അഴിമതി; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കൗൺസില്‍
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിൽ വൻ അഴിമതി. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ബഹളം വെച്ച് കൗൺസിലർമാർ. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവത്തിക്കുന്ന മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളിന്‍റെ വൈദ്യുതി കുടിശിഖ അടയ്ക്കാത്തതിനാല്‍ കെഎസ്ഈബി കണക്ഷന്‍ വിശ്ചേദിച്ചിരുന്നു. 33340 രൂപയായിരുന്നു ഈ സ്റ്റാളിന്‍റെ കുടിശിഖ. കരാറുകാരന്‍ ഈ തുക അടയ്ക്കാത്തതിനാല്‍ വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ കൌണ്‍സില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഈ തീരുമാനം മറികടന്ന് വൈദ്യുതി കണക്ഷന്‍ വീണ്ടും നല്‍കി. ഇതിന് വേണ്ട ഒത്താശകള്‍ നല്‍കിയ ഉദ്യോഗസ്ഥരുടെയും ഭരണസമിതി അംഗങ്ങളുടെയും പേരില്‍ നടപടി സ്വീകരിക്കണമെന്ന് കൌണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടതോടെ ഇന്ന് ചേര്‍ന്ന കൌണ്‍സില്‍യോഗം ആകെ ബഹളമയമായി. പി.എസ്.വിനോദ്, ബീനാ ഷാജി എന്നിവരാണ് വിഷയം യോഗത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയത്.
വികസനകാര്യസ്ഥിരംസമിതിയുടെ കീഴില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ലിസ്റ്റിലെ അംഗങ്ങളുടെ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിനാല്‍ അത് പുനസംഘടിപ്പിക്കുക എന്നത് മാത്രമായിരുന്നു ഇന്ന് ചേര്‍ന്ന കൌണ്‍സിലിന്‍റെ അജണ്ട. എന്നാല്‍ ഈ വിഷയം ചര്‍ച്ചയ്ക്കെടുക്കും മുമ്പ് തന്നെ നഗരസഭയിലെ തിരിമറികള്‍ ശ്രദ്ധയില്‍പെടുത്തി അംഗങ്ങള്‍ രംഗത്തുവരികയായിരുന്നു.
ഒന്നരമാസം മുമ്പാണ് മാര്‍ക്കറ്റിലെ ഒരു മുറിയുടെ വൈദ്യുതി കണക്ഷന്‍ വിശ്ചേദിച്ചത്. കുടിശിഖ കരാറുകാന്‍ അടയ്ക്കാതെ വന്നതിനെതുടര്‍ന്ന് കണക്ഷന്‍ പുനസ്ഥാപിക്കേണ്ടതില്ലെന്ന് കഴിഞ്ഞ കൌണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. കണക്ഷന്‍ നല്‍കുന്നതിനോട് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിശ്വനാഥന്‍ നായര്‍ വിയോജനകുറിപ്പും എഴുതിയിരുന്നു. ഇതേ യോഗത്തില്‍ മാര്‍ക്കറ്റിലെ തൊഴിലാളികളുടെ വിശ്രമമുറിയ്ക്ക് വൈദ്യുതികണക്ഷന്‍ നല്‍കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ കൌണ്‍സില്‍ തീരുമാനപ്രകാരമായിരുന്നില്ല സെക്രട്ടറിയുടെ ചാര്‍ജുള്ള സൂപ്രണ്ടും റവന്യു ഇന്‍സ്പെക്ടറും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നാണ് അംഗങ്ങള്‍ ഒന്നടങ്കം ആരോപിച്ചത്. വിശ്ചേദിച്ച കണക്ഷന്‍ പുനസ്ഥാപിച്ച് നല്‍കി എന്നു മാത്രമല്ല, വിശ്രമമുറിക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചുമില്ല. നഗരസഭയ്ക്ക് ഉണ്ടായ നഷ്ടം ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കണമെന്ന് യോഗം തീരുമാനിക്കുകയും ചെയ്തു.
മത്സ്യമാര്‍ക്കറ്റ് ലേലം ചെയ്യാതെയും കരാര്‍ വെക്കാതെയും കച്ചവടത്തിന് തുറന്നുകൊടുത്തതിന് പിന്നിലുള്ള കളികള്‍ അന്വേഷണവിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി പൂട്ടിയിടാന്‍ തീരുമാനിച്ച സ്റ്റാളാണ് ഉദ്യോഗസ്ഥരും ഒരു വിഭാഗം ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് തുറന്നുകൊടുത്തത്. ആഡിറ്റ് റിപ്പോര്‍ട്ട് മാസങ്ങളായി ചര്‍ച്ച ചെയ്യാതെ പൂഴ്ത്തിവെച്ചിരിക്കുന്നതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു.
ഭരണസമിതി നിലവില്‍ വന്നതില്‍ പിന്നെ ഇന്നേവരെ മിനിറ്റ്സ് വായിച്ചിട്ടില്ലെന്ന ആരോപണവുമായാണ് സിബി ചിറയില്‍ രംഗത്തെത്തിയത്. ഓരോ കമ്മറ്റിയിലും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കിയോ ഇല്ലയോ എന്ന് കൌണ്‍സിലര്‍മാര്‍ പോലും അറിയുന്നില്ല. മിനിറ്റ്സ് എവിടെ എന്ന് ചോദിച്ചാല്‍ എഴുതി പൂര്‍ണ്ണമായിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുക. ഈ ആരോപണം ശരിവെച്ച് ജോണി വര്‍ഗീസ്, വിശ്വനാഥന്‍നായര്‍ തുടങ്ങിയ അംഗങ്ങളും സംസാരിച്ചു.