07 May, 2022 03:26:43 PM
മിന്നൽ പരിശോധന: കോട്ടയത്ത് അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടി
കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. അഞ്ച് ഹോട്ടലുകൾക്കെതിരെ നടപടി. പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളും.
KSRTC കാന്റീൻ, ബസന്ത് ഹോട്ടൽ ഹോട്ടൽ ഇമ്പിറിയൽ, ഹോട്ടൽ കോശി എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.
ഷവർമ്മ കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചതിനു പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന ഭക്ഷണശാലകളിലെ പരിശോധനയുടെ ഭാഗമായാണ് കോട്ടയം നഗരത്തിലെ ഹോട്ടലുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന നടന്നത്. നഗരത്തിലെ പത്തു ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ അഞ്ചിടത്തു നിന്നും പഴകിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന് കണ്ടെത്തി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.
നിയമം ലംഘിച്ചുകൊണ്ടും, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിലും പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരേ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും, വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യനും, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എബി കുന്നേൽപ്പറമ്പിലും അറിയിച്ചു.
പരിശോധനകൾക്ക് കോട്ടയം നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ എം.ആർ. സാനു നേതൃത്വം നൽകി.
ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി. പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രാജേഷ് പി.ജി, ജീവൻ ലാൽ എന്നിവർ സ്ക്വാഡ് അംഗങ്ങളായിരുന്നു.