03 May, 2022 04:27:41 PM
കോട്ടയത്തിന് വേണ്ടത് അക്കാദമിക് സിറ്റിയും സയൻസ് പാർക്കും - ഡോ. സാബു തോമസ്
കോട്ടയം: ജില്ലയിൽ അക്കാദമിക് സിറ്റിയും ചെന്നൈ ഐ.ഐ.ടി മാതൃകയിൽ സയൻസ് പാർക്കും സ്ഥാപിക്കുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കണമെന്ന് മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എൻ്റെ കേരളം മേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസവും കോട്ടയം ജില്ലയുടെ സാധ്യതകളും എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട റബ്ബർ, ടൂറിസം തുടങ്ങിയ മേഖലകളുടെ പൂർണ വികസനത്തിന് വഴിയൊരുക്കുന്നതാകും ഇത്തരം അക്കാദമിക് സംരംഭങ്ങൾ. കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി വളർത്തിയെടുക്കാനും മാനവീക, ശാസ്ത്ര, സാങ്കേതിക മേഖലകളുടെ ഉന്നമനത്തിനും സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ പ്രശംസാർഹമാണ്. വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ കണ്ടറിഞ്ഞ് സർക്കാർ സ്വീകരിച്ചു വരുന്ന പരിഷ്ക്കാര നടപടികൾ ഉദ്ദേശിച്ച ഫലം കൊണ്ടുവരുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
സർക്കാരും വ്യാവസായ, അക്കാദമിക് സമൂഹങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ ശരിയായ ദിശയിലേക്കുള്ള ചുവട് വയ്പ്പുകളാണ്. പുതിയ സംരംഭകരെ വാർത്തെടുക്കുന്നതിനുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ അക്കാദമിക് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങാനുള്ള സർക്കാരിൻ്റെ നിർദ്ദേശം പുതിയ തലമുറയെ തൊഴിലന്വേഷകരിൽ നിന്ന് സംരംഭകരും തൊഴിൽ ദാതാക്കളുമായി മാറ്റുന്നതിനുമുള്ള വിപ്ലവകരമായ പരിപാടിയുടെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഭകളുടെ രാജ്യത്തിന് പുറത്തേക്കുള്ള ഒഴുക്ക് ആശങ്കാജനകമാണെന്ന് പരിപാടിയിൽ സംസാരിച്ച വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടു. എങ്കിലും വിവിധ മേഖലകളിൽ സവിശേഷ സംഭാവനകൾ നൽകാൻ ശേഷിയുള്ളവർക്ക് വിജയകരമായി പ്രവർത്തിക്കാൻ സംസ്ഥാനത്ത് തന്നെ അവസരം നൽകിക്കൊണ്ട് പ്രതിഭകളെ തിരികെയെത്തിക്കാനുള്ള നടപടികൾ ആശ്വാസം പകരുന്നതാണെന്നും അവർ പറഞ്ഞു.
മഹാത്മാഗാന്ധി സർവ്വകലാശാല പ്രൊ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ മോഡറേറ്ററായിരുന്നു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. റെജി സക്കറിയ, പ്രൊഫ. പി. ഹരികൃഷ്ണൻ, സെനറ്റംഗം ഡോ. ജോജി അലക്സ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പാളും തിരുവനന്തപുരം എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ ഡോ.സി.സതീഷ് കുമാർ , കോട്ടയം ഗവ.കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. പ്രഗാഷ് , സി.എം.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗീസ് സി ജോഷ്വാ, പാല സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ.വി.പി ദേവസ്യ, എം.ഒ.സി കോളേജസ് എജുക്കേഷൻ സെക്രട്ടറി ഡോ.എം. ഇ കുര്യാക്കോസ്, എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. കൊളീജിയേറ്റ് എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.മാത്യു ജോർജ് സ്വാഗതവും ജോയിന്റ് രജിസ്ട്രാർ ഇൻ ചാർജ് ബാബുരാജ് എ വാര്യർ നന്ദിയും പറഞ്ഞു.