28 April, 2022 10:31:07 PM


'കല'യുടെ മുന്നിൽ ശാരീരികാവശതകൾ തോറ്റു; നാട്യവിരുന്നൊരുക്കി അമൃതാനന്ദ്

 

കോട്ടയം: ശാരീരിക അവശതകൾ വക വയ്ക്കാതെ അമൃതാനന്ദ് ഭരതനാട്യ ചുവടുകൾ വച്ചപ്പോൾ കാഴ്ചക്കാർക്കും അതൊരു ഹൃദ്യാനുഭവമായി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ഇന്നലെ വൈകിട്ട് നടന്ന ജില്ലയിലെ കലാകാരൻമാരുടെ കലാപരിപാടിയിലാണ് ഇരുപതുകാരനായ കെ.ആർ. അമൃതാനന്ദ് ഭരതനാട്യം അവതരിപ്പിച്ചത്.

ജനിച്ച് ഏഴ് വയസു വരെ സംസാര ശേഷിയും ചലന ശേഷിയും ഇല്ലാത്ത കുട്ടിയായിരുന്നു അമൃതാനന്ദ് . ഫിസിയോ തെറാപ്പി ചെയ്യുന്നതോടൊപ്പം അമ്മ സുമ എടുത്ത് അടുത്തുള്ള നൃത്ത വിദ്യാലയത്തിലും കൊണ്ട് പോകുമായിരുന്നു. അവിടെ നിന്നാണ് നൃത്തത്തിന്റെ ആദ്യ പാഠങ്ങൾ മനസ്സിലാക്കുന്നത്. പിന്നീട് സംസാര ശേഷിയും ചലന ശേഷിയും തിരിച്ച് കിട്ടിയതിന് ശേഷം ഏഴാം ക്ലാസ്സ് മുതൽ നൃത്തം ശാസ്ത്രീയമായി അഭ്യസിച്ച് തുടങ്ങി. 

ഇതുവരെ ഇരുപതോളം വേദികളിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. 2020 ൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ 
പ്രത്യേക ക്ഷണമനുസരിച്ച് ഡൽഹി കേരള ഹൗസിൽ ഭരതനാട്യം അവതരിപ്പിക്കുകയും ചെയ്തു. കാലിന്റെ ബലക്കുറവ് കാരണം  വേദനയുണ്ടാകുമെങ്കിലും നൃത്തം ചെയ്യുമ്പോൾ എല്ലാം മറക്കുന്നതാണ് അമൃതാനന്ദിന്റെ ശീലമെന്ന് അമ്മ പറയുന്നു. നൃത്തം ജീവനായി കൊണ്ട് നടക്കുമ്പോഴും വേദിയിൽ നൃത്തം അവതരിപ്പിക്കാനുള്ള ചിലവ് വഹിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ കുടുംബം. പതിനൊന്ന് മാസം മുൻപ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അച്ഛൻ രാജഗോപാലൻ മരിച്ചതോടെ കുടുംബത്തിലേക്കുളള വരുമാനവും നിലച്ചു. അമൃതാനന്ദ് ഇപ്പോൾ നാട്ടകം പോളിടെക്നിക്ക് കോളേജ് വിദ്യാർത്ഥിയാണ്.


പനച്ചിക്കാട് സ്വദേശിയും പൊതുപ്രവർത്തകനുമായ കെ.എസ് രവീന്ദ്രൻ അവതരിപ്പിച്ച കഥകളി സംഗീതവും, പി. ഐ അനിൽ കുമാർ അവതരിപ്പിച്ച നാടക ഗാനവും, യോഗ 
ട്രെയിനർ വി.കെ ഷാബുവിന്റെ നേതൃത്വത്തിൽ യോഗ അസോസിയേഷൻ ഓഫ് കോട്ടയം അവതരിപ്പിച്ച ഫ്രീ ഫ്ളോ  യോഗ ഡാൻസുമാണ് ജില്ലയിലെ കലാകാരൻമാർ അവതരിപ്പിച്ചത്. ഓച്ചിറ യൗവന ഡ്രാമാ വിഷൻ്റെ ' ഇരുട്ട്' നാടകവും അരങ്ങേറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K