26 April, 2022 03:00:17 PM
'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള ഏപ്രില്‍ 28 മുതല്‍ കോട്ടയം നാഗമ്പടം മൈതാനത്ത്
കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേളയും ജില്ലാതല ആഘോഷങ്ങളും ഏപ്രില്‍ 28ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയും ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയും പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.
മേളയുടെ മുന്നോടിയായി രാവിലെ 9.30ന് തിരുനക്കര മൈതാനത്തുനിന്ന് നാഗമ്പടം മൈതാനത്തേക്ക് സാംസ്‌കാരികഘോഷയാത്ര നടക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ലൈബ്രറി കൗണ്‍സിലും അണിനിരക്കും.
രാവിലെ 11ന് നാഗമ്പടം മൈതാനത്തെ പ്രത്യേകവേദിയില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ മേളയുടെയും ജില്ലാതല ആഘോഷത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ലൈഫ് വീടുകളുടെ താക്കോല്‍ വിതരണവും 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. കലാ-സാംസ്‌കാരികപരിപാടികളുടെയും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിക്കും.
എം.പി.മാരായ ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എം.എല്‍.എ.മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, അഡ്വ. മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി എന്നിവര്‍ വിവിധ ധനസഹായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍, കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
67 വകുപ്പുകള്‍, 155 സ്റ്റാളുകള്‍, സൗജന്യസേവനങ്ങള്‍
കോവിഡ് പ്രതിസന്ധിക്കു ശേഷം സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 67 വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കും. 60,000 ചതുരശ്രയടി വിസ്തൃതിയുള്ള പന്തലില്‍ 155 സ്റ്റാളുകളാണുള്ളത്. 100 വിപണനസ്റ്റാളുകളും 55 തീം സ്റ്റാളുകളും വ്യത്യസ്തമായ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും കാര്‍ഷികോല്‍പന്നപ്രദര്‍ശന-വിപണനമേളയും ദിവസവും പ്രശസ്തരുടെ കലാപരിപാടികളും ഇതോടൊപ്പം നടക്കും. കേരളത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്ന 'എന്റെ കേരളം' ചിത്രപ്രദര്‍ശനം, വിനോദസഞ്ചാരമേഖലകളെ തൊട്ടറിയുന്ന 'കേരളത്തെ അറിയാം' പ്രദര്‍ശനം, നവീനസാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ ഭാഗമാകും.
ജില്ലയില്‍ നിന്നുള്ള വിവിധ സാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പുകളുമാണ് ടെക്നോ ഡെമോയില്‍ പങ്കെടുക്കുക. റോബോട്ടിക്സ് അടക്കമുള്ളവ പരിചയപ്പെടുത്തും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ശില്‍പശാലയും നടക്കും. മൃഗസംരക്ഷണവകുപ്പിന്റെ സൗജന്യ പെറ്റ് ക്ലിനിക് നടക്കും. ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, വിവിധ വകുപ്പുകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ഷുഗര്‍ പരിശോധന എന്നിവയും ലഭ്യമാകും. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഡിസ്‌കൗണ്ടോടെ പാക്കേജുകള്‍ ലഭ്യമാകും.
പൊലീസിന്റെ ഡോഗ് ഷോയും അരങ്ങേറും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സര്‍ക്കാരിന്റെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട തത്സമയക്വിസ് നടക്കും. വിജയികള്‍ക്ക് ഫലകവും സമ്മാനങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമാണ്.
ഏപ്രില്‍ 28 മുതല്‍ മേയ് 4 വരെ നഗരസന്ധ്യയെ ധന്യമാക്കി നാടകങ്ങള്‍, ഗാനമേള, ഫ്യൂഷന്‍ മ്യൂസിക്, മിമിക്രി മെഗാ ഷോ, ഏഴു ഭാഷയിലെ സംഗീതപരിപാടി, ഡാന്‍സ് മെഗാ ഷോ, കായികാഭ്യാസപ്രകടനം എന്നിവ അരങ്ങേറും. ഇതോടൊപ്പം മലബാര്‍, ചെട്ടിനാടന്‍, ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍ രുചിക്കൂട്ടുകളൊരുക്കി ഭക്ഷ്യമേളയും നടക്കും. മികച്ച തീം - വിപണന - ഭക്ഷ്യമേള സ്റ്റാളുകള്‍ക്കു പുരസ്‌കാരം നല്‍കും.
കോവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാന്‍ വ്യവസായ സംരംഭങ്ങള്‍ക്കും കലാകാര•ാര്‍ക്കും വിവിധ മേഖലകളിലുള്ളവര്‍ക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, ഐ.-പി.ആര്‍.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.