25 April, 2022 08:08:34 PM
സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ 518 കേസുകൾ രജിസ്റ്റർ ചെയ്തു
കോട്ടയം: എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശാനുസരണം കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനുമായി ജില്ലയിലെ സ്റ്റേഷൻ ഹൌസ് ഓഫീസർമാരെ ഉൾപ്പെടുത്തി ഏപ്രിൽ 18 മുതൽ 24 വരെ നടത്തിയ പ്രത്യേക പരിശോധനയിൽ 9885 വാഹനങ്ങൾ പരിശോധിച്ചു.
മദ്യപിച്ച് വാഹനമോടിച്ച 168 പേർക്കെതിരേയും അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് 113 പേർക്കെതിരെയും, നിരോധിത സമയത്ത് ടിപ്പർ വാഹനം ഓടിച്ച 34 ഡ്രൈവർമാർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു. ഇവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെ നടപടി സ്വീകരിച്ചു.
പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് കാണപ്പെട്ട 128 പേർക്കെതിരെയും, പൊതു ഇടങ്ങളിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ എട്ട് പേർക്കെതിരെയും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ 31 പേർക്കെതിരെ COTPA ആക്ട് പ്രകാരവും കേസെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ആഴ്ച 690 റെയ്ഡ് നടത്തുകയും 9.420 കിലോ കഞ്ചാവ് പിടികൂടി 36 കേസ് രജിസ്റ്റർ ചെയ്ത് 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.