21 April, 2022 05:36:49 PM
'ഏറ്റുമാനൂർ ഇനി ആര് ഭരിക്കണം?': നിർണ്ണായക തിരഞ്ഞെടുപ്പിന് കളം മുറുകുന്നു; പോരിന് ഡിഎംകെ യും
ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭ ഇനി ആരു ഭരിക്കണം എന്നു തീരുമാനിക്കുന്ന നിർണ്ണായക ഉപതിരഞ്ഞെടുപ്പിന് കളം മുറുകുന്നു. മെയ് 17ന് 35 ആം വാർഡിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരത്തിന് തയ്യാറെടുക്കുന്ന എൽഡിഎഫും യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ നേതൃത്വം നൽകുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി എം കെ)വും മാറ്റുരക്കാൻ ശ്രമിക്കുന്നു എന്നതും ഈ ഉപതിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു.
സുനിൽകുമാർ എൻ എസ് ആണ് യു ഡി എഫ് സ്ഥാനാർഥി. ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി കെ മഹാദേവനും എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ആർ നായരുമാണ് രംഗത്തുള്ളത്. ഡി എം കെ സ്ഥാനാർഥിയായി പാർട്ടിയുടെ വനിതാ വിഭാഗം കോട്ടയം ജില്ലാ സെക്രട്ടറി മിനിമോൾ ജോർജ് ഉൾപ്പെടെ ഉള്ളവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇന്നോ നാളെയോ ഡി എം കെ കേന്ദ്ര നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാർ പറഞ്ഞു.
ബി.ജെ.പിയുടെ വിഷ്ണു മോഹൻ ആയിരുന്നു ഈ വാർഡിനെ പ്രതിനിധീകരിച്ചിരുന്നത്. ഇദ്ദേഹം കൗൺസിലർ സ്ഥാനം രാജി വെച്ച് ഭാര്യയ്ക്കൊപ്പം വിദേശത്തേയ്ക്ക് പോയതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴിതുറന്നത്.
സ്വതന്ത്രരുടെ പിന്തുണയോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് ഭരണം നടത്തുന്ന ഏറ്റുമാനൂർ നഗരസഭയിൽ ഈ വാർഡിലെ വിജയം ഏറെ നിർണായകമാണ് .
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ ഭരണം യു ഡി എഫിന് നഷ്ടപ്പെടും. യു ഡി എഫോ ബി ജെ പി യോ ജയിച്ചാൽ ഭരണം തുടരാം. ഇനി മൂന്നു മുന്നണികളെയും പിന്തള്ളി ഡി എം കെ സീറ്റ് പിടിച്ചെടുത്താൽ അത് ചരിത്രം കുറിക്കുന്ന വിജയം ആകും. ഡി എം കെ ആരോടൊപ്പം നിൽക്കും എന്നതനുസരിച്ചായിരിക്കും പിന്നീട് നഗരസഭ ഭരണം. കൗൺസിലർ ഇടക്കാലത്ത് വാർഡ് ഉപേക്ഷിച്ച് പോയതിലുള്ള എതിർപ്പ് നില നിൽക്കുന്നതോടൊപ്പം പാർട്ടിക്കുള്ളിലെ മുറുമുറുപ്പുകൾ ബി.ജെ.പി സ്ഥാനാർഥിക്ക് വെല്ലുവിളിയാണെന്നാണ് റിപ്പോർട്ടുകൾ.