17 April, 2022 06:51:24 PM
ഏറ്റുമാനൂര്‍ ക്ഷേത്രം: കിഴക്കേ നടയില്‍ അലങ്കാരഗോപുരവും കാണിക്കമണ്ഡപവും നിര്‍മ്മിക്കും
ഏറ്റുമാനൂര്‍: മണര്‍കാട് - പട്ടിത്താനെ ബൈപാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ മഹാദേവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ അലങ്കാരഗോപുരവും കാണിക്കമണ്ഡപവും നിര്‍മ്മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ എം.സി.റോഡരികില്‍ പടിഞ്ഞാറെനടയിലും പാലാ റോഡില്‍ പേരൂര്‍ കവലയിലും ആണ് അലങ്കാരഗോപുരങ്ങള്‍ ഉള്ളത്. ബൈപാസ് പൂര്‍ത്തിയാകുന്നതോടെ ക്ഷേത്രത്തിനുതൊട്ടുചേര്‍ന്നു പോകുന്ന റോഡുകൂടിയായി മാറും എന്നതുകൂടി കണക്കിലെടുത്താണ് അലങ്കാരഗോപുരം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പനും പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.