13 April, 2022 01:27:32 PM
'പണികിട്ടി തുടങ്ങി': ബഫർ സോണിൽ രണ്ടാംനില പണിയാൻ കെ റെയിൽ അനുമതി വേണമെന്ന് പഞ്ചാ. സെക്രട്ടറി
കോട്ടയം: കെ റെയിലിന്റെ പേരിൽ വീടിന് രണ്ടാംനില പണിയാൻ അനുമതിയില്ല. കോട്ടയം പനച്ചിക്കാടാണ് സംഭവം. കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വീട് ബഫർ സോൺ പരിധിയിലാണെങ്കിൽ എൻഒസി നൽകണമെന്നും സെക്രട്ടറി അറിയിച്ചു. കെ റെയിലിനായി തഹസിൽദാർക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക.
ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക. അതേസമയം, പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് വാർത്തയായതോടെ ബഫർ സോണിൽ രണ്ടാം നില പണിയാൻ അനുമതി വേണ്ടെന്ന വിശദീകരണവുമായി കെ റെയിൽ അധികൃതർ രംഗത്തുവന്നു. പഞ്ചായത്ത് സെക്രട്ടറി അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്നും കെ റെയിൽ പ്രതികരിച്ചു.